Connect with us

മണ്ണിന്റെയും മനുഷ്യരുടെയും തോഴന്‍ ഇനി മന്ത്രി

കേരളം

മണ്ണിന്റെയും മനുഷ്യരുടെയും തോഴന്‍ ഇനി മന്ത്രി

 

കപ്പിനും ചുണ്ടിനും ഇടയില്‍ മൂന്ന് പ്രാവശ്യം മന്ത്രിപദം നഷ്ടപ്പെട്ട കെ.കൃഷ്ണന്‍കുട്ടിയെ തേടി ഒടുവില്‍ മന്ത്രിപദം എത്തുന്നു.
ഇ.കെ നായനാരുടെ മൂന്ന് മന്ത്രിസഭകളിലും സ്വന്തം പാര്‍ട്ടി നേതാക്കള്‍ക്കു വേണ്ടി മന്ത്രിപദം വേണ്ടെന്ന് വെക്കുകയായിരുന്നു കെ.കൃഷ്ണന്‍കുട്ടി. ജനതാദള്‍ പാര്‍ട്ടി പ്രസിഡന്റായിരുന്ന വീരേന്ദ്ര കുമാറിനു വേണ്ടിയും പിന്നീട് നീലലോഹിതദാസന്‍ നാടാര്‍ക്കു വേണ്ടിയും ഒടുവില്‍ തന്റെ സീനിയറായ സി.കെ നാണുവിന് വേണ്ടിയും അദ്ദേഹം വഴിമാറി കൊടുക്കുകയായിരുന്നു. വി.എസ് മുഖ്യമന്ത്രിയായപ്പോഴും കെ.കൃഷ്ണന്‍കുട്ടി മന്ത്രിയാകുമെന്ന് എല്ലാവരും പ്രത്യാശിച്ചു. പക്ഷേ, ആ തിരഞ്ഞെടുപ്പില്‍ ചിറ്റൂരില്‍ അദ്ദേഹത്തിന് ജയിക്കാനായില്ല. തന്റെ രാഷ്ട്രീയ ഗുരുവായ പരേതനായ പി.ബാലനെ പോലെ അധികാര സ്ഥാനങ്ങളില്‍ നിന്ന് എന്നും മാറി നടന്ന പാരമ്പര്യമാണ് ഈ നേതാവിനുള്ളത്. ആദ്യകാല സോഷ്യലിസ്റ്റ് നേതാക്കളില്‍ പ്രമുഖനായിരുന്ന ശിവരാമ ഭാരതിയോടൊപ്പം സോഷ്യലിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കാണ് ഈ നേതാവിനുള്ളത്. മുന്‍ പ്രധാനമന്ത്രിമാരായിരുന്ന ചന്ദ്രശേഖര്‍, ദേവഗൗഡ തുടങ്ങിയ ദേശീയ നേതാക്കളുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന കെ.കൃഷ്ണന്‍കുട്ടി ജനതാദളിന്റെ നേതാക്കളില്‍ പ്രമുഖനായിരുന്നെങ്കിലും പാര്‍ട്ടി പ്രസിഡന്റായിരുന്ന എം.പി വീരേന്ദ്ര കുമാര്‍ കെ.കൃഷ്ണന്‍കുട്ടിയെ പല തരത്തില്‍ ഒറ്റപ്പെടുത്താന്‍ നീക്കം നടത്തിയിരുന്നു. ഇതിന്റെ ഫലമായിട്ടാണ് ജനതാദളില്‍ പിളര്‍പ്പുണ്ടായതും കുറച്ചുകാലം കെ.കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടിക്ക് യു.ഡി.എഫുമായി ഐക്യപ്പെടേണ്ടിയും വന്നത്. എന്നാല്‍ രാഷ്ട്രീയമായ തിരിച്ചറിവ് അദ്ദേഹത്തിനുള്ളതുകൊണ്ടാവാം ഇടതുപക്ഷത്തേക്ക് തന്നെ അദ്ദേഹം കൂടുതല്‍ ശക്തനായി മടങ്ങിയെത്തുകയായിരുന്നു.
ജനതാദള്‍ സെക്യുലറിന്റെ മന്ത്രിയായ മാത്യു ടി തോമസ് രാജി വെക്കുന്നതിനെ തുടര്‍ന്നാണ് കെ.കൃഷ്ണന്‍കുട്ടി പിണറായി മന്ത്രിസഭയില്‍ അംഗമാകുന്നത്. ദേശീയ പ്രസിഡന്റ് ദേവഗൗഡ നേരിട്ട് ഇടപെട്ടാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. സംസ്ഥാന സമിതിയിലും ദേശീയ നേതൃത്വത്തിലും ഒരു മാറ്റം അനിവാര്യമാണെന്ന അഭിപ്രായവും കുറേക്കാലമായി ശക്തമാണ്. പിണറായി മന്ത്രിസഭയില്‍ കെ.കൃഷ്ണന്‍കുട്ടി എത്തുന്നതോടെ ജലസേചന വകുപ്പ് അര്‍ഹതപ്പെട്ട കൈകളിലാണ് എത്തിച്ചേരുന്നത്. വെള്ളത്തിന്റെയും മണ്ണിന്റെയും പ്രകൃതിയുടെയും വില അറിയുന്ന നേതാവാണ് അദ്ദേഹം. കൃഷ്ണന്‍കുട്ടിയുടെ ഒരു ദിവസം ആരംഭിക്കുന്നതു തന്നെ തന്റെ കൃഷിയിടത്തിലാണ്. പ്രായത്തെ അവഗണിച്ചുകൊണ്ടും തെങ്ങിന് തടമെടുത്തും തക്കാളിക്കും മറ്റ് പച്ചക്കറികള്‍ക്കും വളമിട്ടുമാണ് ദിവസത്തിന്റെ തുടക്കം. പത്രവായനയും ജനങ്ങളെ കാണുന്നതുമെല്ലാം കൃഷിപ്പണിക്കിടയിലാണ്. കേരളത്തിലെ ഏറ്റവും വൈവിധ്യമുള്ള തോട്ടങ്ങളില്‍ ഒന്നാണ് അദ്ദേഹത്തിന്റെ കൃഷിയിടം. തമിഴ്‌നാട് കാര്‍ഷിക സര്‍വ്വകലാശാലകളില്‍ നിന്നു പോലും വിദ്യാര്‍ത്ഥികളും ഗവേഷകരും ഇവിടെ എത്താറുണ്ട്. അപൂര്‍വ്വമായ പരീക്ഷണങ്ങളുടെ വിളനിലമാണ് എഴുത്താണി കൃഷ്ണന്‍കുട്ടിയുടെ കൃഷിയിടം.
വെള്ളത്തിന്റെ കാര്യം പറയുമ്പോള്‍ ഓര്‍മ്മ വരുന്നത് ബേബി ജോണ്‍ ജലസേചന മന്ത്രിയായിരിക്കേ എല്‍ഡിഎഫ് കണ്‍വീനറായിരുന്ന വി.എസ് അച്യുതാനന്ദനും കെ.കൃഷ്ണന്‍കുട്ടിയും ചേര്‍ന്ന് നടത്തിയ പറമ്പിക്കുളം യാത്രയാണ്. തമിഴ്‌നാട്ടിന്റെ ജലക്കൊള്ളയും കരാര്‍ ലംഘനവും നേരില്‍ കാണാനായി നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് വിഎസ് കൃഷ്ണന്‍കുട്ടിയോടൊപ്പം നടത്തിയ ചരിത്രപ്രസിദ്ധമായ പറമ്പിക്കുളം യാത്രയാണ് വി.എസിനെ മുഖ്യമന്ത്രി പദത്തില്‍ വരെ എത്തിച്ച പടയോട്ടത്തിന്റെ തുടക്കം. 999 വര്‍ഷത്തേക്ക് അച്യുതമേനോന്‍ സര്‍ക്കാര്‍ തമിഴ്‌നാടുമായി കരാര്‍ ഒപ്പിട്ട മുല്ലപ്പെരിയാര്‍ പദ്ധതിയുടെ പേരില്‍ കെ.കൃഷ്ണന്‍കുട്ടി നടത്തിയ പോരാട്ടങ്ങള്‍ എടുത്തുപറയേണ്ടതാണ്. ജലസേചന മന്ത്രിയായിരുന്ന ടി.എം ജേക്കബ് അധ്യക്ഷനായ സബ്ജക്ട് കമ്മിറ്റിയില്‍ അംഗമായിരുന്ന കെ.കൃഷ്ണന്‍കുട്ടി മുല്ലപ്പെരിയാറിലെ കരാര്‍ ലംഘനങ്ങള്‍ കാല്‍നൂറ്റാണ്ട് മുന്‍പ് തന്നെ പുറത്തുകൊണ്ടുവന്നിരുന്നു. മുല്ലപ്പെരിയാറും പറമ്പിക്കുളവും കേരളത്തിന്റെ ജലസമ്പത്താണെങ്കിലും അതെല്ലാം കൊള്ളയടിച്ച് തമിഴ്‌നാട് കൊണ്ടുപോകുന്നതിനെതിരെ ചിറ്റൂരിലെ ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട് കെ കൃഷ്ണന്‍കുട്ടി നടത്തിയ പ്രക്ഷോഭങ്ങള്‍ അനവധിയാണ്. കെ. കരുണാകരനെയും ഇ.കെ നായനാരെയും ആന്റണി അടക്കമുള്ള മുഖ്യമന്ത്രിമാരെയെല്ലാം കേരളത്തിന് അര്‍ഹതപ്പെട്ട വെള്ളത്തിന്റെ പേരില്‍ പ്രതിക്കൂട്ടിലാക്കി ജനങ്ങള്‍ക്കു വേണ്ടി ഒട്ടനവധി സമരങ്ങളാണ് അദ്ദേഹം നടത്തിയത്.
അഴിമതിക്കെതിരെ നിയമസഭയില്‍ കെ.കൃഷ്ണന്‍കുട്ടി നടത്തിയ പോരാട്ടങ്ങള്‍ പല മന്ത്രിമാരുടെയും രാജിയിലാണ് കലാശിച്ചത്. യു.എ ബീരാന്റെ കാലത്തെ ഇരുമ്പരി ഇടപാട് തുടങ്ങി ആര്‍.ബാലകൃഷ്ണപിള്ളയെ അഴിക്കുള്ളിലാക്കിയ ഇടമലയാറും ടി.എം ജേക്കബിന്റെ രാജിയില്‍ കലാശിച്ച കുരിയാര്‍കുറ്റി – കാരപ്പാറ അഴിമതിക്കേസും കെ.കരുണാകരനെ മരണം വരെയും വേട്ടയാടിയ പാമോയില്‍ ഇടപാടും തുടങ്ങി അഴിമതി ആരോപണങ്ങളുടെ അവസാനിക്കാത്ത അസ്ത്രങ്ങളാണ് നിയമസഭാ ചരിത്രത്തില്‍ ഈ നേതാവിന്റെ പേരിലുള്ളത്. നിയമസഭാ സാമാജികന്‍ എന്ന നിലയില്‍ കെ.കൃഷ്ണന്‍കുട്ടിയെ പല ഘട്ടങ്ങളിലും ലീഡറും നായനാരും ആന്റണിയും അടക്കമുള്ള മുഖ്യമന്ത്രിമാര്‍ പരസ്യമായി തന്നെ അഭിനന്ദിച്ചിട്ടുണ്ട്.
ചരിത്രം ഇതൊക്കെയാണെങ്കിലും ചിറ്റൂരുകാരുടെ കൃഷ്ണന്‍കുട്ടിയേട്ടന്‍ പലപ്പോഴും രാഷ്ട്രീയത്തില്‍ ഒരു നിര്‍ഭാഗ്യവാനായിരുന്നു. ജയിക്കുമ്പോഴെല്ലാം പല കാരണങ്ങളാല്‍ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടു. ജയിച്ചപ്പോഴാകട്ടെ പലപ്പോഴും പ്രതിപക്ഷത്തുമായി. എന്നാല്‍ ചിറ്റൂരിന്റെയും പാലക്കാടിന്റെയും ചരിത്രം തന്നെ മാറുകയാണ്. രാഷ്ട്രീയ ഗുരുവായ പി.ബാലനും പലപ്പോഴും ഇതുപോലെ മന്ത്രിപദവി വേണ്ടെന്നു വെക്കേണ്ടി വന്നിരുന്നു. ആര്യാടന്‍ മുഹമ്മദിനു വേണ്ടി തന്നെ രണ്ടുവട്ടം അദ്ദേഹം സ്വയം മാറി നിന്നു. കെ.ശങ്കരനാരായണനു വേണ്ടി പി.ബാലന്‍ മന്ത്രിസ്ഥാനം രണ്ടുവട്ടം ഉപേക്ഷിച്ചു. ഗുരുവിന്റെ പാതയില്‍ നിന്ന് ആദ്യമായി മാറിനടക്കുകയാണ് ശിഷ്യന്‍.
സാധാരണ രാഷ്ട്രീയ നേതാക്കള്‍ രാഷ്ട്രീയത്തിലൂടെ സമ്പന്നരാകുമ്പോള്‍ സമ്പത്തെല്ലാം രാഷ്ട്രീയത്തിനു വേണ്ടി, പൊതുപ്രവര്‍ത്തനത്തിനു വേണ്ടി ചെലവിടുകയാണ് കെ.കൃഷ്ണന്‍കുട്ടിയുടെ ശൈലി. കൃഷിയില്‍ നിന്ന് ലഭിക്കുന്ന വരുമാനമാണ് അദ്ദേഹത്തിന്റെ സാമ്പത്തിക സ്രോതസ്. സഹകാരി എന്ന നിലയില്‍ കഴിഞ്ഞ അരനൂറ്റാണ്ടായി പെരുമാട്ടി ബാങ്കിന്റെ സാരഥിയാണ് അദ്ദേഹം. ജില്ലയിലെ തന്നെ ഏറ്റവും വലിയ ബാങ്കുകളില്‍ ഒന്നാണ് പെരുമാട്ടി ബാങ്ക്. കൃഷി, സഹകരണം, ജലസേചനം തുടങ്ങി ഏത് വിഷയവും ഗഹനമായി പഠിക്കും. അറിയാത്ത കാര്യങ്ങള്‍ അറിയുന്നവരുമായി സംസാരിച്ച് മനസിലാക്കും. നിയമസഭാ നടപടിക്രമങ്ങളിലും ടി.എം ജേക്കബിനെ പോലെ സമര്‍ത്ഥനാണ് കെ.കൃഷ്ണന്‍കുട്ടി.
നേതാവ് എന്ന നിലയില്‍ മറ്റൊരു പ്രത്യേകത മക്കള്‍ രാഷ്ട്രീയത്തിന് എന്നും എതിരാണ് അദ്ദേഹം. അതുകൊണ്ടുതന്നെ നാല് മക്കളെയും കഴിയുന്നത്ര പഠിപ്പിച്ചു. ഒരു മകനെ എംബിഎ വരെ പഠിപ്പിച്ചിട്ടും തന്റെ കൃഷിയിടങ്ങള്‍ നോക്കാനായി നിയോഗിച്ചു. മറ്റൊരു മകനായ ബിജു സിവില്‍ സര്‍വ്വീസ് നേടി മലപ്പുറം കളക്ടറായി പേരെടുത്തിരുന്നു. ഇപ്പോള്‍ വ്യവസായ വകുപ്പ് ഡയറക്ടറാണ് ബിജു. അച്ഛന്റെ നിഴല്‍ അല്ലാതെ മക്കളെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രേരിപ്പിച്ച കെ.കൃഷ്ണന്‍കുട്ടി രാഷ്ട്രീയ നേതാക്കള്‍ക്ക് എല്ലാ അര്‍ത്ഥത്തിലും ഒരു മാതൃകയാണ്. പിണറായി സര്‍ക്കാരില്‍ കെ.കൃഷ്ണന്‍കുട്ടി ഏറ്റെടുക്കാന്‍ പോകുന്ന ജലസേചന വകുപ്പ് കൈകാര്യം ചെയ്യാന്‍ മറ്റൊരു നേതാവ് ഇന്ന് കേരളത്തിലില്ല. അതുകൊണ്ടുതന്നെയാവാം നിയോഗം പോലെ അദ്ദേഹത്തെ തേടി മന്ത്രിപദം എത്തുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

To Top