Connect with us

ബാര്‍കോഴയെ പിന്നിലാക്കി ബ്രുവറീസ് കോഴ

കേരളം

ബാര്‍കോഴയെ പിന്നിലാക്കി ബ്രുവറീസ് കോഴ

 

 

 

ഇനിയും കെട്ടടങ്ങാത്ത കെ.എം.മാണിയുടെ ബാര്‍കോഴ വിവാദത്തെ തുടര്‍ന്ന് അധികാരത്തിലെത്തിയ ഇടതുപക്ഷ സര്‍ക്കാരിനെയും മദ്യം വേട്ടയാടുന്നു.
മാണിയെ വേട്ടയാടിയത് ബാര്‍കോഴ ആയിരുന്നെങ്കില്‍ പിണറായി സര്‍ക്കാരിന് പാരയായിരിക്കുന്നത് പുതുതായി അനുവദിച്ച മദ്യം നിര്‍മ്മിക്കാനുള്ള ഡിസ്റ്റലറിയും മൂന്ന് ബ്രുവറീസുമാണ്. 1999ല്‍ അന്നത്തെ ഇ.കെ. നയനാര്‍ സര്‍ക്കാര്‍ വേണ്ടെന്ന് വച്ച മദ്യനിര്‍മ്മാണ യൂണിറ്റുകളാണ് അതീവ രഹസ്യമായി സര്‍ക്കാര്‍ അനുവദിച്ചത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ഒരാഴ്ചയായി ബ്രൂവറീസും ഡിസ്റ്റലറിയും അനുവദിച്ചതിലൂടെ കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നതായി ആരോപിക്കുന്നു. മന്ത്രിസഭയോ ഇടതുമുന്നണിയോ ചര്‍ച്ച ചെയ്യാതെ എങ്ങനെയാണ് ഈ നടപടി? ആരാണ് തീരുമാനം എടുത്തത്? എന്തടിസ്ഥാനത്തിലാണ് നാല് വന്‍കിടക്കാരെ തിരഞ്ഞെടുത്തത്? അപേക്ഷ ക്ഷണിച്ചിരുന്നോ തുടങ്ങിയ നിര്‍ണായകമായ 10 ചോദ്യങ്ങളാണ് പ്രതിപക്ഷ നേതാവ് ഉയര്‍ത്തിയിരിക്കുന്നത്. ചോദ്യങ്ങള്‍ക്ക് പിന്നീട് മറുപടി പറയാമെന്നാണ് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്റെ മറുപടി. മന്ത്രി മറുപടി പറഞ്ഞതുകൊണ്ട് ഇപ്പോള്‍ കൂടുതല്‍ പറയുന്നില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.
യു.ഡി.എഫ്. സര്‍ക്കാരിനേയും ഇപ്പോള്‍ എല്‍.ഡി.എഫ്. സര്‍ക്കാരിനേയും വേട്ടയാടുന്ന ബാര്‍ കോഴയേക്കാള്‍ ഗുരുതരമാണ് ഈ ആരോപണം. ഘട്ടങ്ങളായി മദ്യവര്‍ജ്ജനം എന്നതാണ് ഇടതുമുന്നണിയുടെ പ്രഖ്യാപനം. അങ്ങനെയാണെങ്കില്‍ ഡിസ്റ്റലറിയും ബ്രുവറികളും അനുവദിച്ച് ഇഷ്ടം പോലെ മദ്യം നിര്‍മ്മിക്കുന്നത് എങ്ങനെ മദ്യവര്‍ജ്ജന നയമാകും? പാലക്കാട് ജില്ലയിലെ എലപ്പുള്ളിയില്‍ ബിയര്‍ നിര്‍മ്മിക്കാനുള്ള അനുമതി അപ്പോളോ ഫാക്ടറിക്കാണ്.
വി.എസ്.അച്യുതാനന്ദന്റെ മണ്ഡലമായ മലമ്പുഴയില്‍പ്പെട്ട എലപ്പുള്ളി രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന പ്രദേശമാണ്. ബിയര്‍ നിര്‍മ്മിക്കാന്‍ പ്രതിദിനം നാല് ലക്ഷം ലിറ്റര്‍ ഭൂഗര്‍ഭ ജലമെങ്കിലും ഇവിടെ വേണ്ടി വരും. പ്ലാച്ചിമട കോള പൂട്ടിച്ചത് ഭൂഗര്‍ഭ ജലത്തിന്റെ ചൂഷണം ഉയര്‍ത്തിക്കാണിച്ചാണ്. എലപ്പുള്ളിക്ക് തൊട്ടടുത്ത് തന്നെ കഞ്ചിക്കോട് മേഖലയില്‍ പ്രതിദിനം ലക്ഷക്കണക്കിന് ലിറ്റര്‍ കുടിവെള്ളം ഊറ്റുന്ന പെപ്സി ഇപ്പോഴും പ്രവര്‍ത്തിക്കുകയാണ്. ഇതിനെതിരെയുള്ള സമരം അടുത്തകാലത്ത് വി.എസാണ് ഉദ്ഘാടനം ചെയ്തത്. മദ്യവര്‍ജ്ജനത്തിന് വേണ്ടിയും പരിസ്ഥിതിക്ക് വേണ്ടിയും സന്ധിയില്ലാതെ പോരാടുന്ന വി.എസ്. ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
തൃശൂര്‍ ജില്ലയിലാണ് പെരുമ്പാവൂര്‍ ശ്രീചക്ര കമ്പനിക്ക് ഡിസ്റ്റിലറി അനുവദിച്ചത്. ജില്ലയില്‍ എവിടെയാണ് ഡിസ്റ്റിലറി എന്നോ അത് തുടങ്ങാന്‍ സ്ഥലമുണ്ടോ എന്ന് പോലും ഉത്തരവില്‍ പറയുന്നില്ല. എറണാകുളത്ത് കിന്‍ഫ്രാ പാര്‍ക്കിലാണ് ഇന്‍ഫ്രാടെക് എന്ന കമ്പനിക്ക് ബ്രുവറി തുടങ്ങാന്‍ പത്ത് ഏക്കര്‍ സ്ഥലം അനുവദിച്ചിരിക്കുന്നത്.
സ്ഥലം അനുവദിച്ചിട്ടില്ലെന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ പറയുന്നു. അഡിഷണല്‍ ചീഫ് സെക്രട്ടറി ആശാ തോമസ് ഒപ്പിട്ട ഉത്തരവ് പ്രതിപക്ഷ നേതാവ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. വ്യവസായ വകുപ്പിന്റെ സ്ഥലം മന്ത്രി അറിയാതെ എങ്ങനെ നല്‍കി എന്നാണ് ചോദ്യം.
ജൂണ്‍ 12നാണ് കണ്ണൂര്‍ വാരത്ത് ശ്രീധര്‍ ബ്രുവറിക്ക് അനുമതി നല്‍കിയത്. ഇതെല്ലാം എക്സൈസ് വകുപ്പിന്റെ സ്വാഭാവികമായ നടപടികള്‍ മാത്രമാണെന്നാണ് മന്ത്രി ടി.പി. രാമകൃഷ്ണന്റെ വിശദീകരണം. പുതിയ മദ്യനിര്‍മ്മാണ യൂണിറ്റുകള്‍ക്ക് അനുമതി നല്‍കിയത് താനോ മുന്നണിയോ അറിഞ്ഞില്ലെന്ന് ആദ്യം പറഞ്ഞ കാനം രാജേന്ദ്രന്‍ ഇപ്പോള്‍ ചുവട് മാറ്റി. മുന്നണിയുടെ മദ്യനയത്തിന്റെ ഭാഗമാണെന്നാണ് ഇപ്പോള്‍ കാനത്തിന്റെ മലക്കം മറിച്ചില്‍.
വാളെടുത്തവന്‍ വാളാല്‍ എന്ന് പറഞ്ഞപോലെ ബാര്‍കോഴയുടെ പേരില്‍ വന്‍ പ്രക്ഷോഭം നടത്തി അധികാരത്തില്‍ എത്തിയ പിണറായി സര്‍ക്കാര്‍ കോടികളുടെ മദ്യക്കോഴയില്‍ അകപ്പെട്ടിരിക്കുകയാണ്. ജുഡീഷ്യല്‍ അന്വേഷണം ഈ വിഷയത്തില്‍ വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. അപേക്ഷകള്‍ ക്ഷണിക്കാതെ മന്ത്രിസഭയും മുന്നണിയും അറിയാതെ നടത്തിയ ഇടപാട് സുതാര്യമല്ലെന്ന് ഉറപ്പ്. മടിയില്‍ കനമില്ലെങ്കില്‍ എല്ലാം വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

To Top