Connect with us

പത്രസ്വാതന്ത്ര്യം വില പേശി വില്‍ക്കുന്നവര്‍

കേരളം

പത്രസ്വാതന്ത്ര്യം വില പേശി വില്‍ക്കുന്നവര്‍

പത്രസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ടുകൊണ്ട് ഇറങ്ങിയ ഉത്തരവിനെതിരെ പ്രതിഷേധിക്കാന്‍ പോലും കെല്‍പില്ലാതെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍. അതേസമയം ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന്റെ കേരള ഘടകമായ കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ ആലുവയില്‍ ഉള്‍പ്പെടെ പല കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനം നടത്തി.
പത്രപ്രവര്‍ത്തക യൂണിയന്റെ സംസ്ഥാന സെക്രട്ടറി നാരായണനും പ്രസിഡന്റ് കമാല്‍ വരദൂറും ഉത്തരവില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി മറുപടിക്ക് കാത്തിരിക്കുകയാണ്. നനഞ്ഞ പടക്കം പോലെ കേരളത്തിലെ ഏറ്റവും വലിയ പത്രപ്രവര്‍ത്തക സംഘടന നിര്‍ജ്ജീവമാകുമ്പോള്‍ ഓര്‍മ്മ വരുന്നത് മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിയുടെ തലയില്‍ കരിങ്കൊടിയിട്ട കാലമാണ്. ആ സംഭവത്തെ തുടര്‍ന്നാണ് കുഞ്ഞാലിക്കുട്ടി അന്ന് മന്ത്രിസ്ഥാനം രാജി വെച്ചത്. കോഴിക്കോട് വിമാനത്താവളത്തില്‍ ഏഷ്യാനെറ്റിലെ ദീപയെ ലീഗ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്നായിരുന്നു യൂണിയന്റെ വന്‍ പ്രതിഷേധം. പത്രപ്രവര്‍ത്തകര്‍ക്ക് നിയമസഭയില്‍ വിലക്കേര്‍പ്പെടുത്തിയ സ്പീക്കറായിരുന്ന വക്കം പുരുഷോത്തമന്റെ വീട്ടിലേക്ക് കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ പോലീസ് ബാരിക്കേഡ് ഭേദിച്ചുകൊണ്ട് നടത്തിയ പ്രകടനവും ഓര്‍മ്മ വരികയാണ്. ഇതായിരുന്നു അടുത്ത കാലം വരെ കേരളത്തിലെ പത്രപ്രവര്‍ത്തക സംഘടനകളുടെ സമര രീതി. ഇപ്പോള്‍ മന്ത്രിമാരോട് ചോദ്യം ചോദിക്കാന്‍ പോലുമുള്ള അവകാശം നിഷേധിച്ചിട്ടും നിവേദനം നല്‍കി മറുപടിക്ക് കാത്തിരിക്കുകയാണ് നേതാക്കള്‍.
ഇഎംഎസും ഇകെ നായനാരും ലീഡറും മുഖ്യമന്ത്രിമാരായിരിക്കെ പത്രപ്രവര്‍ത്തക യൂണിയനെ നയിച്ച മലപ്പുറം പി മൂസയെയും സിആര്‍ രാമചന്ദ്രനെയും ഈ ഘട്ടത്തില്‍ ഓര്‍ക്കാതിരിക്കാനാവില്ല. പത്രപ്രവര്‍ത്തകരുടെ അവകാശങ്ങള്‍ക്കു വേണ്ടി മുഖം നോക്കാതെ ഈ മുഖ്യമന്ത്രിമാരോടെല്ലാം സംസാരിക്കാന്‍ ആ നേതാക്കള്‍ക്ക് കഴിയുമായിരുന്നു. മാതൃഭൂമിയിലെ എന്‍പി രാജേന്ദ്രന്‍ പ്രസിഡന്റാകുന്ന കാലം വരെ ഈ സമര പാരമ്പര്യം തുടരാന്‍ യൂണിയന് കഴിഞ്ഞു. അതിനുശേഷമാണ് പ്രസ് ക്ലബുകള്‍ക്ക് ഫണ്ട് വാങ്ങാനും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ സംഘടിപ്പിക്കാനും ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കാനുമുള്ള സംഘമായി യൂണിയന്‍ അധഃപതിച്ചത്. ലക്ഷക്കണക്കിന് രൂപ ഓരോ പ്രസ് ക്ലബുകള്‍ക്കും മാറി വരുന്ന സര്‍ക്കാരുകള്‍ നല്‍കാറുണ്ട്. ഇതിന്റെയെല്ലാം കണക്കുകള്‍ ആരും പരിശോധിക്കാറില്ല. എന്നാല്‍ 2010 മുതലുള്ള പ്രസ് ക്ലബുകളുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ ഈ നീക്കവും പുതിയ ഉത്തരവും കൂട്ടിവായിക്കുമ്പോഴാണ് പത്രപ്രവര്‍ത്തക യൂണിയന്‍ അകപ്പെട്ടിരിക്കുന്ന ഊരാക്കുടുക്ക് വെളിവാകുന്നത്.
പത്ര ഉടമകള്‍ക്ക് പരസ്യം ലഭിക്കാനുള്ള ഉപാധി മാത്രമാണ് ഇന്ന് പത്ര മാധ്യമങ്ങള്‍. പത്രപ്രവര്‍ത്തകരുടെ രക്ഷകര്‍ എന്നുപറയുന്ന യൂണിയനാകട്ടെ സര്‍ക്കാര്‍ നല്‍കുന്ന പിച്ചക്കാശിനു വേണ്ടി പത്ര സ്വാതന്ത്ര്യം കളഞ്ഞുകുളിച്ചിരിക്കുകയാണ്. അതുകൊണ്ടാണ് അടിയന്തിരാവസ്ഥയെ പോലും പിന്നിലാക്കുന്ന തരത്തിലുള്ള വിലക്ക് ഉണ്ടായിട്ടും പത്ര ഉടമകളും പത്രപ്രവര്‍ത്തക യൂണിയനും പ്രതികരിക്കാത്തത്. സാമ്പത്തികമായ ഉപരോധവും പ്രലോഭനവുമാണ് ഒരര്‍ത്ഥത്തില്‍ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ പിണറായി സര്‍ക്കാര്‍ പയറ്റുന്ന തന്ത്രം.
വര്‍ത്തമാനകാലത്ത് ഓരോ പൗരനും പത്രാധിപരും റിപ്പോര്‍ട്ടറുമാണ്. കേരളത്തില്‍ എന്നല്ല, ലോകത്തിന്റെ ഏതുകോണില്‍ നടക്കുന്ന സംഭവങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വായനക്കാരില്‍ എത്തുന്ന കാലം. ഏത് പത്ര മുതലാളി വിചാരിച്ചാലും സര്‍ക്കാര്‍ വിചാരിച്ചാലും സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കാനാവില്ല. പത്ര മാരണ നിയമം എഴുതിവെച്ചാലും അത് നടപ്പിലാക്കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയില്ല. അത്രയ്ക്ക് ശക്തമാണ് ഇന്ന് സോഷ്യല്‍ മീഡിയ. വാട്‌സ്അപ്പിലൂടെയും ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയും ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും വാര്‍ത്തകള്‍ ജനങ്ങളുടെ വിരല്‍ത്തുമ്പില്‍ എത്തുക തന്നെ ചെയ്യും. വാര്‍ത്താ വിസ്‌ഫോടനത്തിന്റെ ഈ കാലത്ത് ഒരു സര്‍ക്കാര്‍ ഉത്തരവിലൂടെ മാധ്യമ സ്വാതന്ത്ര്യത്തിന്റെ മൂക്ക് ചെത്താം എന്ന് കരുതുന്ന ഭരണാധികാരികള്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ്.
ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറി സുബ്രത വിശ്വാസ് ഇറക്കിയ ഉത്തരവിന് അതുകൊണ്ട് പുല്ലുവില പോലും കല്‍പ്പിക്കേണ്ടതില്ല. ഏകാധിപതികള്‍ ചോദ്യങ്ങള്‍ ഇഷ്ടപ്പെടില്ല. അവര്‍ പറയുന്നത് മാധ്യമങ്ങളും ജനങ്ങളും കേള്‍ക്കുകയും അനുസരിക്കുകയും വേണം. അതുകൊണ്ടാണ് അടുത്ത കാലത്ത് തിരുവനന്തപുരത്തെ മാധ്യമങ്ങളോട് കടക്ക് പുറത്ത് എന്ന് മുഖ്യമന്ത്രി ആക്രോശിച്ചത്. അനുസരണയുള്ള കുഞ്ഞാടുകളെ പോലെ പുറത്തുപോകാനല്ലാതെ പുറത്തുപോകാന്‍ പറ്റില്ല എന്നുപറയാന്‍ ചങ്കൂറ്റമുള്ള ഒരു മാധ്യമ പ്രവര്‍ത്തകന്‍ പോലും തിരുവനന്തപുരത്ത് ഉണ്ടായില്ല. സ്വദേശാഭിമാനിയുടെയും വക്കം അബ്ദുള്‍ ഖാദര്‍ മൗലവിയുടെയും കെ.ബാലകൃഷ്ണന്റെയും പേര് പറയാന്‍ പോലും അര്‍ഹരല്ല ഇന്നത്തെ മാധ്യമ പ്രവര്‍ത്തകര്‍. ദൈവമായാല്‍ പോലും ഞാന്‍ റിപ്പോര്‍ട്ട് ചെയ്യും എന്നുപറഞ്ഞ സ്വദേശാഭിമാനിയുടെ പിന്‍മുറക്കാരാണ് ഇവരെന്ന് പറയേണ്ടിവരുന്നത് ലജ്ജാകരമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

To Top