Connect with us

പത്രപ്രവര്‍ത്തക യൂണിയന് മൂക്കുകയര്‍

കേരളം

പത്രപ്രവര്‍ത്തക യൂണിയന് മൂക്കുകയര്‍

തിരുവനന്തപുരം: കേരള പത്രപ്രവര്‍ത്തക യൂണിയനു (കെയുഡബ്ല്യൂജെ) മൂക്കുകയറിടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും മാധ്യമോപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസിന്റെയും മാസ്റ്റര്‍ പ്ലാന്‍. കെയുഡബ്ല്യൂജെ സംസ്ഥാന മന്ദിരത്തിനും ജില്ലാ ആസ്ഥാനങ്ങളായി പ്രവര്‍ത്തിക്കുന്ന പ്രസ് ക്ലബുകള്‍ക്കും കാലാകാലങ്ങളായി നല്‍കിയ ധനസഹായത്തിനു കണക്കു ചോദിച്ചാണു യൂണിയനെ വെട്ടിലാക്കിയത്. കെയുഡബ്ല്യൂജെ സംസ്ഥാന സമ്മേളനം കോഴിക്കോട്ട് പിണറായി ഉദ്ഘാടനം ചെയ്ത നവംബര്‍ 19നു തന്നെയാണു പിആര്‍ഡി വകുപ്പ് മൂക്കുകയര്‍ ഉത്തരവിറക്കിയത്.
കെയുഡബ്ല്യൂജെ ഡല്‍ഹി ഘടകത്തിനു 2012ല്‍ നല്‍കിയ 25 ലക്ഷം രൂപയുടെ ദുര്‍വിനിയോഗ കേസില്‍ സര്‍ക്കാരിനു ഹൈക്കോടതിയില്‍ നിന്നു നോട്ടീസ് ലഭിച്ച പശ്ചാത്തലത്തിലാണ് ഉത്തരവിറക്കിയതെങ്കിലും പരിധിയില്‍ കേരളത്തിലെ എല്ലാ പ്രസ് ക്ലബുകളെയും ഉള്‍പ്പെടുത്തിയതു മാധ്യമ പ്രവര്‍ത്തകരെ ചൂണ്ടയില്‍ കോര്‍ത്തിടാനുള്ള പദ്ധതിയുടെ ഭാഗമായാണെന്നാണ് വിലയിരുത്തല്‍. കേരളത്തിലെ 14 ജില്ലകളിലുമുള്ള പ്രസ് ക്ലബുകളില്‍ ഭാരവാഹികളായി മുഖ്യധാരാ മാധ്യമങ്ങളിലെ ഏറെ പ്രമുഖരുള്ളപ്പോള്‍ ക്ലബുകളെ പ്രതിരോധത്തിലാക്കി മാധ്യമ പ്രവര്‍ത്തകരെ കേസുകളില്‍ കുടുക്കാമെന്നാണു ബ്രിട്ടാസിന്റെ തന്ത്രം. വിനിയോഗ പരിശോധനാ സമിതി ഉത്തരവു പിന്‍വലിക്കണമെന്ന ആവശ്യവുമായി കെയുഡബ്ല്യൂജെ ഭാരവാഹികള്‍ ജോണ്‍ ബ്രിട്ടാസിനെ സമീപിച്ചെങ്കിലും വകുപ്പു സെക്രട്ടറിയുടെയും മുഖ്യമന്ത്രിയുടെയും നിര്‍ദേശം അനുസരിച്ചാണെന്നു പറഞ്ഞു മടക്കിയയക്കുകയായിരുന്നു.
കേരള സര്‍ക്കാര്‍ എല്ലാ വര്‍ഷവും ബജറ്റില്‍ ഒരു കോടി രൂപയോളം വിവിധ പ്രസ് ക്ലബുകള്‍ക്കു വിവിധ പദ്ധതികള്‍ക്ക് എന്ന പേരില്‍ അനുവദിക്കാറുണ്ടായിരുന്നു. ഈ തുകയുടെ വിനിയോഗത്തിനു അതാതു സാമ്പത്തിക വര്‍ഷം വിനിയോഗ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്ന ചട്ടം പ്രസ് ക്ലബുകള്‍ പാലിച്ചിരുന്നില്ല. ഇതിനായി ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ മാധ്യമ പ്രവര്‍ത്തകരുടെ രാഷ്ട്രീയ സ്വാധീനം ഭയന്നു വിനിയോഗ സര്‍ട്ടിഫിക്കറ്റ് നിബന്ധന കര്‍ശനമായി നടപ്പാക്കിയതുമില്ല. സര്‍ക്കാര്‍ ഇത്രകാലവും സ്വീകരിച്ച കണ്ണടക്കല്‍ സമീപനം പ്രസ് ക്ലബുകളില്‍ വന്‍തോതില്‍ ക്രമക്കേടുകള്‍ക്കും വകമാറ്റലിനുമൊക്കെ വഴിയൊരുക്കി.
നവംബര്‍ 19ന് പിആര്‍ഡി ഇറക്കിയ ഉത്തരവു പ്രകാരം പ്രസ് ക്ലബുകള്‍ക്കുള്ള ധനസഹായത്തിന്റെ വിനിയോഗം പരിശോധിക്കാനായി അഞ്ചംഗ ഇന്‍സ്‌പെക്ഷന്‍/ മോണിറ്ററിങ് സമിതി രൂപീകരിച്ചു. പിആര്‍ഡി അഡീഷനല്‍ ഡയറക്ടര്‍, ജോയിന്റ് ഡയറക്ടര്‍, ഡപ്യൂട്ടി സെക്രട്ടറി, ഡപ്യൂട്ടി ഡയറക്ടര്‍, അക്കൗണ്ട്‌സ് ഓഫിസര്‍ എന്നിവരാണു സമിതി അംഗങ്ങള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

To Top