Connect with us

കൂട്ടിലെ തത്ത ഡെമോക്ലീസിന്റെ വാള്‍

ദേശീയം

കൂട്ടിലെ തത്ത ഡെമോക്ലീസിന്റെ വാള്‍

പവര്‍ കറപ്റ്റ്‌സ്, അബ്‌സൊല്യൂട്ട് പവര്‍ കറപ്റ്റ്‌സ് അബ്‌സൊല്യൂട്ട്‌ലി. പരമാധികാരം ഏത് ഏകാധിപതിയെയും പരമമായ അഴിമതിയിലേക്ക് തള്ളിവിടുമെന്ന ആപ്തവാക്യം ശരിവെക്കുകയാണ് നരേന്ദ്ര മോദിയുടെ അര്‍ദ്ധരാത്രിയിലെ അട്ടിമറി.
ഡെമോക്ലീസിന്റെ വാള്‍ പോലെ പ്രധാനമന്ത്രിയുടെ തലയ്ക്ക് മുകളില്‍ തൂങ്ങുന്നത് സിബിഐ തലപ്പത്ത് കഴിഞ്ഞ അര്‍ദ്ധരാത്രിയില്‍ നടത്തിയ അട്ടിമറിയും റെയ്ഡും. സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയെ മാറ്റാനായി രാത്രിയില്‍ നടത്തിയ റെയ്ഡും രാത്രിയില്‍ തന്നെ അഴിമതിയാരോപണങ്ങള്‍ നേരിടുന്ന നാഗേശ്വര്‍ റാവു ഡയറക്ടറുടെ ചുമതല ഏറ്റെടുത്തതും ഇന്ത്യാ ചരിത്രത്തിലെ അത്യപൂര്‍വ്വ സംഭവമായി മാറി. ഇന്നാകട്ടെ, സിബിഐ വൃത്തങ്ങള്‍ പറയുന്നത് ഡയറക്ടര്‍ അലോക് വര്‍മ്മയും സ്‌പെഷ്യല്‍ ഡയറക്ടര്‍ അസ്താനയും തല്‍സ്ഥാനങ്ങളില്‍ തുടരുന്നു എന്നാണ്. മാറ്റുകയല്ല, ഇവരെ താല്‍ക്കാലികമായി മാറ്റി നിര്‍ത്തുകയാണ് ചെയ്യുന്നത്. സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷണറുടെ ഉത്തരവ് അനുസരിച്ച് അന്വേഷണം നടത്താനാണ് ഈ താല്‍ക്കാലിക മാറ്റി നിര്‍ത്തല്‍.
അതേസമയം ഡയറക്ടര്‍ അലോക് വര്‍മ്മയുടെ വീട്ടുപരിസരത്ത് നിരീക്ഷണം നടത്തിയിരുന്ന നാല് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഡയറക്ടറുടെ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്ത് ഡല്‍ഹി പോലീസിന് കൈമാറി. നാളെ അലോക് വര്‍മ്മയെ മാറ്റിക്കൊണ്ടുള്ള ഉത്തരവിനെതിരെ അദ്ദേഹവും അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും നല്‍കിയ നിര്‍ണ്ണായക ഹര്‍ജി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. അടിയന്തിരാവസ്ഥ പ്രഖ്യപനത്തിന് ഇന്ദിരാഗാന്ധിയെ പ്രേരിപ്പിച്ച കോടതി വിധിക്കു ശേഷം പ്രധാനമന്ത്രിയെ പോലും പിടിച്ചുലയ്ക്കാന്‍ പോകുന്ന ഒന്നായി ഈ വിധി മാറിയേക്കാം.
മോദിയെ പ്രതിക്കൂട്ടിലാക്കുന്ന റാഫേല്‍ ഇടപാടിനെക്കുറിച്ച് സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മ പ്രാഥമികാന്വേഷണം ആരംഭിച്ചിരുന്നതായി പ്രശാന്ത് ഭൂഷണ്‍ പറയുന്നു. അര്‍ദ്ധരാത്രിയിലെ അട്ടിമറിക്ക് മുന്‍പ് രണ്ടുകോടിയുടെ അഴിമതിക്കേസില്‍ അകപ്പെട്ട സ്‌പെഷ്യല്‍ ഡയറക്ടര്‍ അസ്താനയുടെ ഓഫീസില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു. അത്തരം നിര്‍ണ്ണായക രേഖകള്‍ ഉള്‍പ്പെടുന്ന ഡയറക്ടറുടെ ഓഫീസാണ് അര്‍ദ്ധരാത്രിയില്‍ പുതിയ ഡയറക്ടര്‍ നാഗേശ്വര്‍ റാവു ഏറ്റെടുത്തതും പൂട്ടിയതും. ആരോപണ വിധേയനാണ് നാഗേശ്വര്‍ റാവു. അസ്താനയാകട്ടെ ഗോധ്ര കേസ് അന്വേഷിച്ച കാലത്തെ എസ്പിയും. മോദിക്കും അമിത് ഷാക്കും വേണ്ടപ്പെട്ട ആളാണ് അസ്താന എന്നത് അരമന രഹസ്യം. എല്ലാം കൂട്ടിവായിക്കുമ്പോള്‍ ഡെമോക്ലീസിന്റെ വാള്‍ തന്നെയാണ് സിബിഐ സംഭവങ്ങള്‍.
ചീഫ് ജസ്റ്റിസും പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും അടങ്ങുന്ന സമിതിയാണ് സിബിഐ ഡയറക്ടറെ നിയമിക്കുന്നത്. അത്തരം ഉദ്യോഗസ്ഥരെ മാറ്റാനുള്ള അധികാരം സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷണര്‍ക്കുണ്ടോ? ഈ നിയമ പ്രശ്‌നവും നാളെ സുപ്രീം കോടതി പരിഗണിക്കും. ചുരുക്കത്തില്‍ പ്രധാനമന്ത്രിയുടെ ആവശ്യപ്രകാരം നടത്തിയ അട്ടിമറി സുപ്രീം കോടതി റദ്ദാക്കിയാല്‍ അലോക് വര്‍മ്മ ഡയറക്ടര്‍ സ്ഥാനത്ത് പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചെത്തും. റാഫേല്‍ ഇടപാടും സ്‌പെഷ്യല്‍ ഡയറക്ടര്‍ അസ്താനക്കെതിരെയുള്ള അഴിമതിക്കേസുമായി അലോക് വര്‍മ്മ മുന്നോട്ടു പോകും. ഈ അന്വേഷണം പ്രഖ്യാപിക്കപ്പെട്ട നിയമസഭാ തിരഞ്ഞെടുപ്പുകളെയും വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനെയും സ്വാധീനിക്കും.
കൂട്ടിലെ തത്ത എന്ന് മുന്‍പ് സുപ്രീം കോടതി വിശേഷിപ്പിച്ച സിബിഐ സുപ്രീം കോടതി ഇടപെടലോടെ നടത്തിയ കല്‍ക്കരി കുംഭകോണ കേസും ടുജി സ്‌പെക്ട്രവുമാണ് മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനെ സ്ഥാനഭ്രഷ്ടനാക്കിയത്. കൂട്ടിലെ തത്ത മോദിയുടെ കയ്യിലെ വാളായി മാറിയപ്പോള്‍ ലാലു മുതല്‍ ചിദംബരം വരെ ആ വാളിന്റെ മൂര്‍ച്ച അറിഞ്ഞു. ഇപ്പോഴാകട്ടെ, വാളെടുത്തവന്‍ വാളാല്‍ എന്ന അവസ്ഥയിലാണ് പ്രധാനമന്ത്രി മോദി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in ദേശീയം

To Top