Connect with us

കലാപത്തിന്റെ അഗ്നി കെടാതിരിക്കട്ടെ

കേരളം

കലാപത്തിന്റെ അഗ്നി കെടാതിരിക്കട്ടെ

എവിടെയും വളയുന്ന നട്ടെല്ലും ചോദ്യം ചോദിക്കാത്ത മനസും ഉണ്ടെങ്കില്‍ ഇന്ത്യയില്‍ ഏത് ഉന്നത പദവിയിലും എത്താം. പ്രശസ്തനായ നാടകകൃത്ത് സി.ജെ തോമസിന്റെ ഈ വരികള്‍ യുവ ഐപിഎസുകാരിയായ ചൈത്ര ഓര്‍ക്കുന്നത് നന്ന്.
സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റി ഓഫീസ് രാത്രിയില്‍ റെയ്ഡ് ചെയ്യാന്‍ കാണിച്ച ധീരതയെയും ചങ്കൂറ്റത്തെയും നീതിബോധത്തെയും അഭിനന്ദിക്കുന്നു. അതേസമയം മുന്‍ഗാമികളായ ഐഎഎസുകാരും ഐപിഎസുകാരും തുടക്കത്തില്‍ കാണിച്ച ചങ്കൂറ്റം അവരെയെല്ലാം എവിടെയാണ് എത്തിച്ചത് എന്നുകൂടി ഓര്‍ക്കുന്നത് ചൈത്രക്കും കുടുംബത്തിനും ഗുണകരമാകും. ഡല്‍ഹിയില്‍ ഉദ്യോഗസ്ഥനായിരിക്കേ ആയിരക്കണക്കിന് അനധികൃത കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തിയ അല്‍ഫോന്‍സ് കണ്ണന്താനം ഇന്ന് കേന്ദ്ര മന്ത്രിയാണ്. ഇന്ത്യന്‍ സ്ത്രീകള്‍ക്കെല്ലാം ഒരുകാലത്ത് ആവേശം പകര്‍ന്ന കിരണ്‍ ബേദി ബിജെപിയുടെ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയും ഇപ്പോള്‍ ലെഫ്റ്റനന്റ് ഗവര്‍ണ്ണറുമായി തുടരുന്നത് നമ്മുടെ കണ്‍മുന്നിലാണ്. കണ്ണന്താനത്തെയോ കിരണ്‍ ബേദിയെയോ ചൈത്ര അനുകരിക്കണം എന്നല്ല ഈ പറഞ്ഞതിന് അര്‍ത്ഥം.
സിവില്‍ സര്‍വ്വീസിലെത്തുന്ന യുവതീയുവാക്കള്‍ തുടക്കത്തില്‍ കാണിക്കുന്ന നീതിബോധവും സത്യസന്ധതയും കര്‍മ്മധീരതയുമെല്ലാം അവര്‍ ഉയരുംതോറും അത് നഷ്ടപ്പെടുകയാണ് പതിവ്. സബ്കളക്ടര്‍ മുതല്‍ കളക്ടര്‍ വരെയുള്ള കാലയളവിലും എഎസ്പി മുതല്‍ എസ്പി വരെയുള്ള കാലയളവിലുമാണ് പലപ്പോഴും സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ അവരുടെ കഴിവ് കാണിക്കുക. പിന്നീടുള്ള വളര്‍ച്ചയില്‍ അധികാര സ്ഥാപനങ്ങളുമായും ഭരണകൂടങ്ങളുമായും സന്ധി ചെയ്യുന്നതാണ് പല ഉദ്യോഗസ്ഥരുടെയും ചരിത്രം വെളിവാക്കുന്നത്.
ജനാധിപത്യത്തിന് ഒരുപാട് നന്മകളുള്ളപ്പോള്‍ തന്നെ തിന്മകളും അതിന്റെ കൂടപ്പിറപ്പാണ്. അത്തരം തിന്മയാണ് അധികാരത്തിലെത്തുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ കാണിക്കുന്ന തിണ്ണമിടുക്ക്. അതിനുദാഹരണമാണ് സിപിഎമ്മിന്റെ ജില്ലാ ഓഫീസ് റെയ്ഡ് ചെയ്തതിന്റെ പേരില്‍ ഡിസിപിയായിരുന്ന ചൈത്രയെ ശിക്ഷിക്കാനുള്ള സര്‍ക്കാരിന്റെ പുറപ്പാട്. പള്ളികളായാലും ക്ഷേത്രങ്ങളായാലും പാര്‍ട്ടി ഓഫീസുകളായാലും അതെല്ലാം പൊതുസ്ഥലങ്ങളാണ്. പൊതുജനങ്ങളുടെ പണവും ശ്രമവും കൊണ്ടുണ്ടായതാണ് ഇവയെല്ലാം. ക്ഷേത്രങ്ങള്‍ക്കും പള്ളികള്‍ക്കും അതിന്റെതായ സ്ഥാനം ജനങ്ങള്‍ കൊടുക്കാറുണ്ട്. പാര്‍ട്ടി ഓഫീസുകള്‍ക്കും സമൂഹം കല്‍പിച്ചുനല്‍കിയ ബഹുമാന്യതയുണ്ട്. എന്നാല്‍ ആയുധങ്ങള്‍ സൂക്ഷിക്കാനോ അക്രമികളെ ഒളിപ്പിക്കാനോ ഉള്ള കേന്ദ്രങ്ങളായി ഇവിടങ്ങള്‍ മാറാന്‍ പാടില്ല. പലപ്പോഴും പോലീസും ഉദ്യോഗസ്ഥരും കടന്നുചെല്ലാന്‍ മടിക്കുന്ന ഇത്തരം കേന്ദ്രങ്ങള്‍ അക്രമികളുടെ ഒളിത്താവളങ്ങളായി മാറാറുണ്ട്. ഉത്തരേന്ത്യയിലായാലും എന്തിന്, കേരളത്തില്‍ പോലും പല ആരാധനാലയങ്ങളും ഇത്തരത്തില്‍ അധഃപതിച്ചിട്ടുണ്ട്. കണ്ണൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ എല്ലാ പാര്‍ട്ടികളുടെയും ഓഫീസുകളും ഇത്തരത്തില്‍ മാറിയിട്ടുണ്ട്. ഇവിടങ്ങളിലേക്ക് കയറിച്ചെല്ലാനും പരിശോധന നടത്താനും പോലീസിന് കഴിയണം. നിയമം നല്‍കുന്ന ആ അധികാരം മാത്രമാണ് ചൈത്ര എന്ന ഐപിഎസുകാരി ഉപയോഗിച്ചത്. സ്ത്രീപീഡനക്കേസിലെ പ്രതികളെ പിടികൂടിയതിന്റെ പേരില്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച പ്രതികള്‍ക്കു വേണ്ടിയാണ് ഡിസിപിയും സംഘവും സിപിഎം ഓഫീസിനകത്ത് കയറിയത്. നിയമം അനുസരിച്ച് സിപിഎം ഓഫീസ് പരിശോധിച്ചത് ഗുരുതരമായ തെറ്റാണെന്നാണ് ജില്ലാ സെക്രട്ടറിയുടെ ആരോപണം. അദ്ദേഹം നല്‍കിയ പരാതിയുടെ പേരില്‍ ഡിജിപി ബെഹ്‌റ അന്വേഷണത്തിന് ഉത്തരവുമിട്ടു. സംഭവം നടന്നയുടന്‍ തന്നെ ഉദ്യോഗസ്ഥയെ ഡിസിപി ചുമതലയില്‍ നിന്ന് മാറ്റിയിരുന്നു. ഇതിനുപുറമെയാണ് ഇപ്പോഴത്തെ അന്വേഷണം.
ചൈത്ര കടന്നുകയറിയത് ബിജെപി ഓഫീസിലായിരുന്നെങ്കില്‍ ഈ സര്‍ക്കാര്‍ എല്ലാ പിന്തുണയും അവര്‍ക്ക് നല്‍കുമായിരുന്നു. ഭരിക്കുന്ന പാര്‍ട്ടിയുടെ ഓഫീസാണെന്ന പരിഗണന നല്‍കാത്തതാണ് ഭരിക്കുന്നവരെ പ്രകോപിപ്പിച്ചിരിക്കുന്നത്. സ്ത്രീപീഡനം നടത്തിയ സഖാക്കളെക്കുറിച്ചോ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച ഡിവൈഎഫ്‌ഐക്കാരെക്കുറിച്ചോ പാര്‍ട്ടിക്ക് പരാതിയില്ല. നിയമം നടപ്പാക്കാന്‍ ബാധ്യസ്ഥയായ ഉദ്യോഗസ്ഥ മുഖം നോക്കാതെ നടപടിയെടുത്തതാണ് കുറ്റവും വിവാദവും. ഭരണകൂടമായാലും മാധ്യമങ്ങളായാലും വിവാദങ്ങള്‍ക്ക് പിന്നാലെയാണ്.
ഈ സംഭവത്തിന്റെ തുടക്കം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസാണ്. അതിന്റെ പേരില്‍ പ്രതികള്‍ അറസ്റ്റ് ചെയ്യപ്പെട്ടതാണ് സ്റ്റേഷന്‍ ആക്രമണത്തിലേക്കും പാര്‍ട്ടി ഓഫീസ് റെയ്ഡിലേക്കും കൊണ്ടെത്തിച്ചത്. കുറ്റവാളികളെ പിടികൂടിയതും അക്രമികള്‍ നിയമം കയ്യിലെടുത്തതും മാധ്യമങ്ങള്‍ക്ക് വാര്‍ത്തയല്ലാതായി. നിയമം അനുസരിച്ച് പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥയുടെ നടപടിയാണ് ഇപ്പോള്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും നിറയുന്നത്. ശിക്ഷിക്കുന്നതിന് പകരം ഈ ഉദ്യോഗസ്ഥയെ സംരക്ഷിക്കാനും അഭിനന്ദിക്കാനുമുള്ള ആര്‍ജ്ജവമാണ് സ്ത്രീസമത്വത്തെക്കുറിച്ച് അഭിമാനിക്കുന്ന മുഖ്യമന്ത്രി ചെയ്യേണ്ടത്. അപ്പോഴാണ് അദ്ദേഹം പറയുന്ന നവോത്ഥാന മൂല്യങ്ങള്‍ക്ക് അര്‍ത്ഥമുണ്ടാകുന്നത്. അത്തരം ഒരു നടപടി മുഖ്യമന്ത്രിയില്‍ നിന്ന് നമുക്ക് പ്രതീക്ഷിക്കാം.
ബ്യൂറോക്രസി ഏത് മനുഷ്യനെയും മെരുക്കിയെടുക്കുന്ന യന്ത്രമാണ്. ആണായാലും പെണ്ണായാലും കാലങ്ങള്‍ കൊണ്ട് മെരുങ്ങാത്തവരെ പോലും ഈ സംവിധാനം മെരുക്കിയെടുക്കും. അതിനുദാഹരണമാണ് നേരത്തെ പറഞ്ഞ അല്‍ഫോന്‍സ് കണ്ണന്താനവും കിരണ്‍ ബേദിയും തുടങ്ങിയ മുന്‍ ഉദ്യോഗസ്ഥര്‍. സര്‍വ്വീസിന്റെ തുടക്കം മുതല്‍ ഏതുകാലത്തും വഴങ്ങിക്കൊടുക്കുന്നവരാണ് ബ്യൂറോക്രാറ്റുകളില്‍ മഹാ ഭൂരിപക്ഷവും. അവരുടെ പ്രതിനിധികളാണ് സംസ്ഥാന തലത്തിലായാലും കേന്ദ്രത്തിലായാലും ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നത്. ഡിജിപിമാരായും ചീഫ് സെക്രട്ടറിമാരായും കേന്ദ്ര സെക്രട്ടറിമാരായും ഇരിക്കുന്നവരില്‍ മഹാ ഭൂരിപക്ഷവും ഇത്തരത്തില്‍ വഴങ്ങിക്കൊടുത്തവരാണ്. അവരോടാണ് ഇനിയുള്ള സര്‍വ്വീസ് കാലം മുഴുവന്‍ ചൈത്രക്ക് പോരാടേണ്ടിവരിക. ഐആര്‍എസ് ഉദ്യോഗസ്ഥനായ അച്ഛന്റെ അനുഭവങ്ങള്‍ കേട്ടുവളര്‍ന്ന ചൈത്രക്ക് അറിയാത്തതാവില്ല ഇതൊന്നും. എന്നാല്‍ ചിലരുടെ രക്തത്തില്‍ നിന്ന് കലഹത്തിന്റെ അംശങ്ങള്‍ മാറ്റാനാവില്ല. അച്ഛനില്‍ നിന്ന് മകള്‍ക്ക് ലഭിച്ച ഈ കലാപത്തിന്റെ അഗ്നി കെടാതിരിക്കട്ടെ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

 • കേരളം

  കാവലാളുകള്‍ കവാത്തുമറക്കുമ്പോള്‍

  ലിംഗനീതിയെക്കുറിച്ചും സമത്വത്തെക്കുറിച്ചും വാചാലരാകുന്ന കോടതികള്‍ എന്തുകൊണ്ടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന സത്യപ്രതിജ്ഞാ ലംഘനങ്ങള്‍ കാണാതെ പോകുന്നത്? ഇന്ത്യന്‍ ഭരണഘടനയുടെ സംരക്ഷകരാകേണ്ട കോടതികള്‍...

 • കേരളം

  ചോരയിലെഴുതിയ ചുവരെഴുത്ത്

  പ്രളയത്തില്‍ തകര്‍ന്ന് പോയ വീടിന്റെ അവശേഷിക്കുന്ന ഭിത്തിയില്‍ വൃക്ക വില്‍ക്കാനുണ്ട് എന്നെഴുതി വച്ച ജോസഫ് കേരളത്തിന്റെ വര്‍ത്തമാനകാല പ്രതീകമാണ്. ഇടുക്കി വെള്ളത്തൂവല്‍...

 • കേരളം

  ചൈത്രയുടെ നടപടി നിയമവാഴ്ചക്ക് തെളിവ്

  ഉര്‍വ്വശീ ശാപം ഉപകാരം എന്ന പോലെ ചൈത്ര ഐപിഎസ് നടത്തിയ പാര്‍ട്ടി ഓഫീസ് റെയ്ഡ് സര്‍ക്കാരിന് ഉപകാരമായി മാറി. ചൈത്രക്കെതിരെ നടപടി...

 • കേരളം

  നിത്യഹരിതമായ ഓര്‍മ്മ

  എം.ടി. വാസുദേവന്‍ നായരുടെ വാക്കുകള്‍ കടമെടുത്താല്‍ ‘കാലത്തിന്റെ കൂലംകുത്തി പാച്ചിലില്‍ ഒഴുകിപ്പോകാത്ത സാഹിത്യമാണ് ക്ലാസ്സിക് സാഹിത്യം.’ അങ്ങനെയാണെങ്കില്‍ കാലത്തെ അതിജീവിക്കുന്ന കലാകാരന്മാരെ...

 • കേരളം

  മകരമഞ്ഞില്‍ മറഞ്ഞ സൂര്യന്‍

      മീനമാസത്തിലെ സൂര്യനിലൂടെ കയ്യൂര്‍ സഖാക്കളുടെ കഥ പറഞ്ഞ ലെനിന്‍ വിട പറഞ്ഞത് മകരമഞ്ഞിന്റെ തണുപ്പില്‍. ലെനിന്‍ രാജേന്ദ്രന്‍ എന്ന...

Trending News

To Top