Connect with us

അഴിമതി വിളയും പ്രസ് ക്ലബുകള്‍ , കീശ തുറന്ന് യൂണിയന്‍ നേതാക്കള്‍

കേരളം

അഴിമതി വിളയും പ്രസ് ക്ലബുകള്‍ , കീശ തുറന്ന് യൂണിയന്‍ നേതാക്കള്‍

തിരുവനന്തപുരം: പ്രസ് ക്ലബുകള്‍ അഴിമതിയുടെയും സാമ്പത്തിക ക്രമക്കേടുകളുടെയും വിളനിലങ്ങളോ? പത്രപ്രവര്‍ത്തക യൂണിയന്‍ നേതാക്കള്‍ക്ക് സംഘടനാ പ്രവര്‍ത്തനം ധനക്കൂറുള്ള സൈഡ് ബിസിനസോ? രാഷ്ട്രീയ ദല്ലാളന്മാരായി പ്രവര്‍ത്തിക്കുന്ന യൂണിയന്‍ നേതാക്കള്‍ സര്‍ക്കാര്‍ ഫണ്ടുകളില്‍ പോലും കയ്യിട്ടുവാരാന്‍ മടിയില്ലാതിരിക്കെ, സ്വകാര്യ സ്ഥാപനങ്ങളിലും വ്യക്തികളിലും നേതാക്കളിലും നിന്നു സമാഹരിക്കുന്ന വന്‍തുകകള്‍ പോക്കറ്റിലാക്കാന്‍ മടിയുണ്ടാകുമോ?
കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ല്യൂജെ) ഡല്‍ഹി ഘടകത്തിലെ അഴിമതി പുറത്തു വന്നതോടെ കേരളത്തില്‍ കെയുഡബ്ല്യൂജെ നിയന്ത്രിക്കുന്ന പ്രസ് ക്ലബുകളെല്ലാം അക്കൗണ്ടന്റ് ജനറലിന്റെ നിരീക്ഷണത്തിലായി. കെയുഡബ്ല്യൂജെ ഡല്‍ഹി ഘടകത്തിനു നല്‍കിയ 25 ലക്ഷം രൂപയുടെ സര്‍ക്കാര്‍ ഫണ്ട് ഭാരവാഹികള്‍ കയ്യിട്ടു വാരിയ കേസില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനും യൂണിയന്‍ ഭാരവാഹികള്‍ക്കും നോട്ടീസ് അയച്ചിരിക്കുകയാണ്.

യൂണിയന്‍ ഭാരവാഹികളെ പ്രീതിപ്പെടുത്താന്‍ കാലാകാലങ്ങളില്‍ മന്ത്രിമാര്‍ വാരിക്കോരി കൊടുത്തിരുന്ന തുകയ്ക്കു കണക്കു ചോദിക്കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണു സര്‍ക്കാര്‍. ഡല്‍ഹി അഴിമതി കേസില്‍ കേരളത്തിലെ പ്രസ് ക്ലബുകളെ കൂടി ഉള്‍പ്പെടുത്താന്‍ നീക്കം ആരംഭിച്ചിരിക്കെ സര്‍ക്കാര്‍ സഹായം ദുരുപയോഗിച്ച പ്രസ് ക്ലബുകള്‍ ജപ്തി ചെയ്യേണ്ട നിയമസാഹചര്യമാണ് ഉടലെടുക്കുന്നത്.

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ല്യൂജെ)ക്കും പ്രസ് ക്ലബുകള്‍ക്കും അനുവദിച്ച സര്‍ക്കാര്‍ സഹായത്തില്‍ വന്‍തോതില്‍ ക്രമക്കേടുകള്‍ നടന്നതായാണു വിവരം. വിവിധ ജില്ലകളില്‍ നിന്ന് ഇത്തരത്തിലുള്ള പരാതികള്‍ പിആര്‍ഡിക്കു ലഭിച്ച സാഹചര്യത്തില്‍ പുതുതായി രൂപീകരിച്ച ഇന്‍സ്‌പെക്ഷന്‍ – മോണിറ്റങ് സമിതിക്കു എല്ലാ ജില്ലകളിലുമെത്തി പരിശോധന നടത്തേണ്ട സ്ഥിതിയാണ്.  സമിതി രൂപീകരിച്ചപ്പോള്‍ തന്നെ രണ്ടു പരാതികള്‍ പിആര്‍ഡി വകുപ്പ് സമിതിക്കു കൈമാറിയിരുന്നു. ഡല്‍ഹി കെയുഡബ്ല്യൂജെ ഘടകത്തിന് പ്രസ് ക്ലബ് സൗകര്യങ്ങളൊരുക്കാന്‍ അനുവദിച്ച 25 ലക്ഷം രൂപയുടെ ദുര്‍വിനിയോഗം തിരുവനന്തപുരം കേസരി സ്മാരക ട്രസ്റ്റിന് ഡിജിറ്റല്‍ ലൈബ്രറിക്കായി അനുവദിച്ച 15 ലക്ഷം രൂപയുടെ ദുര്‍വിനിയോഗം എന്നിവയാണു സമിതിക്കു മുന്നില്‍ ആദ്യമെത്തിയത്. തുടര്‍ന്ന് കോഴിക്കോട്, പാലക്കാട്, തൃശൂര്‍, കൊച്ചി, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം പ്രസ് ക്ലബുകളെ കുറിച്ചുള്ള പരാതികളും ലഭിച്ചതായാണു വിവരം.
ഡല്‍ഹിയില്‍ പത്രപ്രവര്‍ത്തക യൂണിയനു ലഭിച്ച 25 ലക്ഷം രൂപ ബാങ്കിലിട്ടു പലിശ ഭാരവാഹികള്‍ ഊറ്റിയെടുത്തെന്നാണ് ആരോപണം. തുക എഫ്ഡിയായി ബാങ്കിലുണ്ടെന്നു അംഗങ്ങളെ ധരിപ്പിച്ച ശേഷം ഇടയ്ക്കിടെ എഫ്ഡി കാലാവധിയെത്താതെ പിന്‍വലിച്ചു ലഭിക്കുന്ന പലിശത്തുക അടിച്ചുമാറ്റുകയായിരുന്നു പരിപാടി. എഫ്ഡി പല തവണ മുറിച്ചിട്ടതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അംഗങ്ങള്‍ വിജിലന്‍സിനു പരാതി നല്‍കിയിരുന്നു. കൊച്ചിയിലെ ലീഗല്‍ ലിറ്ററസി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. ജതിന്‍ദാസ് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയില്‍ ഹൈക്കോടതി കേരള സര്‍ക്കാരിനും പിആര്‍ഡിക്കും നോട്ടീസ് അയച്ചിട്ടുണ്ട്.

തിരുവനന്തപുരം കേസരി സ്മാരക ട്രസ്റ്റില്‍ ഡിജിറ്റല്‍ ലൈബ്രറിക്കായി അനുവദിച്ച 15 ലക്ഷം രൂപ ചെലവഴിച്ചതിനു വിനിയോഗ സര്‍ട്ടിഫിക്കറ്റ് പിആര്‍ഡി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഭാരവാഹികള്‍ അനങ്ങിയിട്ടില്ല. ഡിജിറ്റല്‍ ലൈബ്രറി ആരംഭിച്ചിട്ടുമില്ല. കേസരി സ്മാരക ട്രസ്റ്റിനായി പല വര്‍ഷങ്ങളിലായി ആകെ ഒന്നര കോടി രൂപയോളം സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തി അനുവദിച്ചിട്ടുണ്ട്. ഈ തുകയുടെ വിനിയോഗത്തിനെല്ലാം കണക്കു ചോദിക്കാനാണ് സമിതിയുടെ നീക്കം.
തിരുവനന്തപുരം പ്രസ് ക്ലബിലെ ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ട് നവീകരണത്തിനായി അനുവദിച്ച 25 ലക്ഷം രൂപ ഭരണകക്ഷിയുടെ മുഖപത്രത്തിലും മുഖചാനലിലുമുള്ള രണ്ടു പേര്‍ ചേര്‍ന്നു പുട്ടടിച്ചു. കോഴിക്കോട് ജില്ലയില്‍ പ്രസ് ക്ലബ് മന്ദിരത്തില്‍ ലിഫ്റ്റ് സ്ഥാപിക്കാനായി സര്‍ക്കാരില്‍ നിന്ന് എട്ടു ലക്ഷം രൂപ കൈപ്പറ്റിയതിനും വിനിയോഗ സര്‍ട്ടഫിക്കറ്റ് നല്‍കിയിട്ടില്ല. തുക മറ്റാവശ്യങ്ങള്‍ക്കായി ചെലവിട്ടുവെന്നാണു ഭാരവാഹികളുടെ വിശദീകരണം. തൃശൂര്‍ പ്രസ് ക്ലബിലെ ഫണ്ടു വെട്ടിപ്പിനെ കുറിച്ച് വിജിലന്‍സ് അന്വേഷണം നിലവിലുണ്ട്.
കോട്ടയം പ്രസ് ക്ലബിനു വിവിധ വര്‍ഷങ്ങളിലായി സര്‍ക്കാര്‍ അനുവദിച്ച 80 ലക്ഷം രൂപയും ഭാരവാഹികള്‍ യഥേഷ്ടം ചെലവിട്ടുവെന്നാണു പരാതി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

To Top