Connect with us

അമരനായ സിപിക്ക് എന്തിന് സ്മാരകം?

മഞ്ഞിനുമപ്പുറം

അമരനായ സിപിക്ക് എന്തിന് സ്മാരകം?

 

 

ഒരു സ്മാരക മന്ദിരത്തിലോ ശിലാഫലകത്തിലോ ഒതുക്കാവുന്ന ഒരാളല്ല ലോകപ്രശസ്തനായ പത്രപ്രവര്‍ത്തകന്‍ സി.പി. രാമചന്ദ്രന്‍ എന്ന പ്രതിഭാശാലി.
പ്രധാനമന്ത്രിമാരായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവും ഇന്ദിരാഗാന്ധിയും പാര്‍ലമെന്റില്‍ സി.പി. രാമചന്ദ്രന്‍ എത്തുമ്പോള്‍ ആദരിക്കുമായിരുന്നു. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ എഡിറ്ററായിരിക്കെ പത്രപ്രവര്‍ത്തകന്റെ അവകാശത്തിന് വേണ്ടി ബര്‍ളയോട് കേസുപറഞ്ഞ് ജയിക്കുകയും അതിന് ശേഷം പത്രാധിപര്‍ സ്ഥാനം രാജി വയ്ക്കുകയും ചെയ്ത വിപ്ലവകാരിയായിരുന്നു കേരളീയനായ ഒറ്റപ്പാലത്തുകാരന്‍ സി.പി. രാമചന്ദ്രന്‍.
അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞെങ്കിലും പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ ഇന്ത്യന്‍ പത്രലോകത്തിന് വിസ്മരിക്കാനാകില്ല.
അവസാനനാളുകളില്‍ പറളിയിലായിരുന്നു ഏട്ടന്‍മാമ എന്ന് പറളിക്കാര്‍ സ്നേഹപൂര്‍വ്വം വിളിച്ചിരുന്ന സി.പി. താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ അവസാന നാളുകളില്‍ പലപ്പോഴും അദ്ദേഹത്തെ കാണാന്‍ ഞാന്‍ പോകുമായിരുന്നു. ആ സൗഹൃദം എനിക്കുനല്‍കിയ അനുഭവങ്ങള്‍ കൊണ്ടാകണം അദ്ദേഹം മരിച്ചപ്പോള്‍ സി.പിക്കൊരു സ്മാരകം ഇന്ത്യയിലെവിടെയെങ്കിലും ഉണ്ടാകണമെന്ന് എനിക്ക് തോന്നിയത്. അങ്ങനെയാണ് പ്രസ് ക്ലബ്ബ് സെക്രട്ടറിയായിരുന്ന കാലത്ത് പാലക്കാട് പ്രസ് ക്ലബ്ബ് പുനര്‍നിര്‍മ്മിച്ചപ്പോള്‍ സി.പി. സ്മാരകം എന്ന് പേരിട്ടത്. കോണ്‍ഫറന്‍സ് ഹാളില്‍ സി.പിയുടെ ചിത്രം വയ്ക്കുകയും ചെയ്തു. പത്രപ്രവര്‍ത്തക യൂണിയന്‍ രണ്ട് വര്‍ഷത്തിന് ശേഷം സി.പിയുടെ പേരിലുള്ള സ്മാരകത്തിന്റെ ശിലാഫലകം പൊളിച്ചുകളയുകയും സ്മാരകത്തിന്റെ പേര് മായ്ച്ചുകളയുകയും ചെയ്തു.
ഇ.കെ. നയനാര്‍ സര്‍ക്കാരിന്റെ കാലത്ത് ധനകാര്യ മന്ത്രിയായിരുന്ന ടി.ശിവദാസമേനോനാണ് സ്മാരകം ഉദ്ഘാടനം ചെയ്തത്. ലോകപ്രശസ്തനായ സി.പി.യുടെ പേര് മായ്ച്ചുകളയാന്‍ കേരളാ പത്രപ്രവര്‍ത്തക യൂണിയനെ പ്രേരിപ്പിച്ചത് സാധാരണ പത്രപ്രവര്‍ത്തകനായ ഈയുള്ളവന്റെ പേര് മായ്ച്ചുകളയാന്‍ വേണ്ടിയായിരുന്നു.
എലിയെ പേടിച്ച് ഇല്ലം ചുടുക എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും കുടിപ്പകയുടെ പേരില്‍ ഒരു സാധാരണ പത്രപ്രവര്‍ത്തകനോടുള്ള പ്രതികാരം തീര്‍ക്കാന്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ പത്രപ്രവര്‍ത്തകന്റെ സ്മാരകമാണ് കേരളാ പത്ര പ്രവര്‍ത്തക യൂണിയന്‍ തച്ചുടച്ചത്.
ഇതിനെല്ലാം ഇടയാക്കിയത് ധനമന്ത്രിയായിരുന്ന ശിവദാസമേനോന്‍ നല്‍കിയ അഞ്ച് ലക്ഷം രൂപയുടെ സഹായധനം ഉപയോഗിച്ചാണ് സെക്രട്ടറിയായിരുന്ന ഞാനും ഡവലപ്മെന്റ് കമ്മറ്റി കണ്‍വീനറായിരുന്ന ഹിന്ദുവിന്റെ ബ്യൂറോ ചീഫ് പ്രഭാകരനും ഏഷ്യാനെറ്റിന്റെ സുരേഷ് പട്ടാമ്പിയും ചന്ദ്രികയുടെ എന്‍.എ.എം. ജാഫറും ഇന്ത്യന്‍ എക്സ്പ്രസിന്റെ എ.സതീഷും ദേശാഭിമാനിയുടെ ടി.എം.മണിയും അടങ്ങിയ ഭാരവാഹികള്‍ പ്രസ്‌ക്ലബ്ബ് പുനര്‍നിര്‍മ്മിച്ച് സി.പി. രാമചന്ദ്രന്റെ സ്മാരകമാക്കി മാറ്റിയത്.
ആ നിര്‍മ്മാണത്തില്‍ അഴിമതി നടന്നുവെന്ന് ഒരു വിഭാഗം ആരോപിച്ചു. തുടര്‍ന്ന് ഞാനുള്‍പ്പെടെ ഉള്ളവര്‍ സംഘടനയില്‍ നിന്ന് രാജി വച്ച് ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന്റെ കേരള ഘടകം ആരംഭിച്ചു. അങ്ങനെയാണ് 2000 മെയ് 1 ന് പത്രപ്രവര്‍ത്തക യൂണിയന് ബദലായി കേരളാ ജേര്‍ണലിസ്റ്റ് യൂണിയന്‍ പിറവിയെടുത്തത്. സി.ടി.വിയുടെ റോയി മാത്യു പ്രസിഡന്റും ഞാന്‍ ജനറല്‍ സെക്രട്ടറിയും ആയിട്ടായിരുന്നു സംഘടനയുടെ തുടക്കം. അതോടെ കലിതുള്ളിയ കെ.യു.ഡബ്ല്യൂ.ജെ. അഴിമതി ആരോപണം ഉന്നയിച്ച് ഇ.കെ. നായനാര്‍ക്ക് പരാതി നല്‍കി.
വാര്‍ത്തകളുടെ പേരില്‍ ഞങ്ങളോട് എതിര്‍പ്പുണ്ടായിരുന്ന ധനമന്ത്രി ശിവദാസമേനോനും റവന്യൂമന്ത്രിയായിരുന്ന കെ.ഇ.ഇസ്മയിലും നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി.ശശിയും പരാതിക്കാര്‍ക്ക് വേണ്ടി രംഗത്ത് വന്നു. അതോടെ വിജിലന്‍സ് അന്വേഷണത്തിന് നായനാര്‍ ഉത്തരവിട്ടു. വിജിലന്‍സ് എറണാകുളം ഡി.വൈ.എസ്.പി. ആയിരുന്ന ഗോപാലകൃഷ്ണന്‍ നായര്‍ അന്വേഷണം നടത്തി ആരോപണത്തില്‍ കഴമ്പില്ലെന്ന് കണ്ടെത്തി. അതോടെ കേസ് എഴുതിത്തള്ളുകയും ചെയ്തു.
എ.കെ.ആന്റണി മുഖ്യമന്ത്രിയായപ്പോള്‍ പത്രപ്രവര്‍ത്തക യൂണിയന്‍ ആന്റണിക്ക് പുതിയ പരാതി നല്‍കി. നായനാരെ സ്വാധീനിച്ച് ഞാന്‍ കേസ് ഇല്ലാതാക്കി. അതുകൊണ്ട് പുനരന്വേഷിക്കണം എന്നായിരുന്നു ആവശ്യം. എ.കെ. ആന്റണി പുനരന്വേഷണത്തിന് ഉത്തരവിട്ടു. സി.ബി.ഐയില്‍ നിന്നും ഡെപ്യൂട്ടേഷനില്‍ എത്തിയ അബൂബക്കര്‍ ഡി.വൈ.എസ്.പി. രണ്ടാംവട്ടവും അന്വേഷണം നടത്തി. ആ റിപ്പോര്‍ട്ട് ലഭിച്ചതോടെ പ്രസ് ക്ലബ്ബ് നിര്‍മ്മാണത്തില്‍ ഒരു അഴിമതിയും ഇല്ലെന്ന് റിപ്പോര്‍ട്ടിന്റെ ചുവട്ടില്‍ മുഖ്യമന്ത്രിയായിരുന്ന എ.കെ.ആന്റണി പച്ച മഷിയില്‍ എഴുതി ഒപ്പിട്ടു.
തുടര്‍ന്ന് യൂണിയനെതിരെ മാനനഷ്ടത്തിന് ജില്ലാ സെഷന്‍സ് കോടതിയില്‍ ഞാന്‍ ഹര്‍ജി നല്‍കി. അയ്യായിരം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടു. ആരോപണം ഉന്നയിച്ച ദേശാഭിമാനി ലേഖകനില്‍ നിന്ന് തുക ഈടാക്കാനായിരുന്നു കോടതി ഉത്തരവ്. ഉത്തരവ് വന്ന് വൈകാതെ ആരോപണം ഉന്നയിച്ച വ്യക്തി മരിച്ചുപോയി. അതുകൊണ്ട് ആ നഷ്ടപരിഹാരത്തുക ലഭിച്ചുമില്ല.
ഇപ്പോള്‍ കേരളത്തിലെ പതിനാല് പ്രസ്‌ക്ലബ്ബുകള്‍ക്കുമായി സര്‍ക്കാര്‍ നല്‍കിയ ഒന്നരകോടിയോളം രൂപയുടെ അഴിമതി കേസ് ഹൈക്കോടതിയിലാണ്. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും പ്രസ്‌ക്ലബ്ബുകള്‍ ഒന്നര കോടി രൂപയുടെ കണക്ക് നല്‍കാന്‍ പോലും കൂട്ടാക്കിയിട്ടില്ല. അഞ്ച് ലക്ഷം രൂപയുടെ സി.പി. സ്മാരക നിര്‍മ്മാണത്തിന്റെ പേരില്‍ ആരോപണം ഉന്നയിച്ച യൂണിയന്‍ 18 വര്‍ഷം കഴിഞ്ഞിട്ടും ഈ തെറ്റ് തിരുത്താന്‍ തയ്യാറായിട്ടില്ല.
ഇവര്‍ മായ്ച്ചുകളഞ്ഞ സി.പി. രാമചന്ദ്രന്‍ സഖാക്കള്‍ക്ക് ആരായിരുന്നു? സൈന്യത്തിലായിരുന്ന കാലത്ത് കമ്മ്യൂണിസ്റ്റ് എന്ന് മുദ്രകുത്തിയതോടെ അവിടെ നിന്നും കേരളത്തിലും തെലുങ്കാനയിലുമെത്തിയ വിപ്ലവകാരി. എ.കെ.ജിയുടെ സെക്രട്ടറിയായി തെലുങ്കാന സമരകാലത്തും അതിന് ശേഷവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സൈദ്ധാന്തികനായിരുന്നു സി.പി. ചരിത്രപ്രസിദ്ധമായ എ.കെ.ജിയുടെ പട്ടിണി ജാഥയില്‍ ഉള്‍പ്പെടെ പല സമരങ്ങളിലും സി.പിയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. പിന്നീട് ഇടത്തട്ട നാരായണന്റെയും ശിവറാമിന്റെയും ഛലപതിറാവുവിന്റെയും കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെയും ഒപ്പം ഇന്ത്യന്‍ പത്രലോകത്തെ അതികായനായി മാറി. ഹിന്ദുസ്ഥാന്‍ ടൈംസില്‍ സി.പി എഴുതിയിരുന്ന കോളങ്ങള്‍ പ്രശസ്തങ്ങളായിരുന്നു. പാര്‍ലമെന്റിലേക്ക് സി.പി. എത്തുമ്പോള്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി എഴുന്നേറ്റ് അദ്ദഹത്തെ അഭിവാദ്യം ചെയ്യുമായിരുന്നു.
എ.കെ.ജി., ഇ.എം.എസ്. തുടങ്ങി നായനാര്‍ വരെയുള്ള കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരോടും ലീഡര്‍ കരുണാകരനോടും സി.പ.ക്കുണ്ടായിരുന്ന ബന്ധം വളരെ വലുതായിരുന്നു. പറളിയില്‍ വിശ്രമജീവിതത്തില്‍ കഴിയുമ്പോള്‍ പല പ്രമുഖ നേതാക്കളും സി.പിയെ കാണാന്‍ എത്തുമായിരുന്നു. ഇന്നത്തെ ഇന്ത്യന്‍ പത്രപ്രവര്‍ത്തകര്‍ക്ക് സ്വപ്നം കാണാന്‍ കഴിയാത്ത ഉയരങ്ങള്‍ കീഴടക്കിയ സി.പിക്ക് രാജ്യത്തെവിടെയും ഒരു സ്മാരകമില്ല. അതുകൊണ്ടാണ് പാലക്കാട് പ്രസ്‌ക്ലബ്ബിന് ആ മഹാന്റെ പേരിട്ടതും അദ്ദേഹത്തിന്റെ പേരില്‍ ഒരു ഗവേഷണ കേന്ദ്രമായി പ്രസ് ക്ലബ്ബ് വിപുലപ്പെടുത്താനും അന്ന് ആലോചിച്ചത്.
പത്രപ്രവര്‍ത്തകരുടെ കുത്തക അവകാശപ്പെടുന്ന കെ.യു.ഡബ്ല്യു.ജെ. സി.പിയുടെ പേര് മായ്ച്ചുകളഞ്ഞ് ദേശാഭിമാനിയുടെ ഒരു ലേഖകന്റെ പേരാണ് ഇപ്പോള്‍ സ്മാരകത്തിന് ഇട്ടിരിക്കുന്നത്. ആ പേര് എടുത്തുപറയുന്നത് സി.പിയുടെ ആത്മാവിനെപ്പോലും അപമാനിക്കുന്നതിന് തുല്യമാണ്.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in മഞ്ഞിനുമപ്പുറം

Trending News

To Top