Connect with us

അപ്രഖ്യാപിത അടിയന്തിരാവസ്ഥക്ക് തിരിച്ചടി

ദേശീയം

അപ്രഖ്യാപിത അടിയന്തിരാവസ്ഥക്ക് തിരിച്ചടി

ജനാധിപത്യത്തില്‍ അന്തിമവിധികര്‍ത്താക്കള്‍ ജനങ്ങളാണ് എന്ന് തെളിയിക്കുന്നതാണ് അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനുണ്ടായിരിക്കുന്ന വിജയം.
ജനാധിപത്യം, മതേതരത്വം, ബഹുസ്വരത ഇതുമൂന്നും രാജ്യത്തിന്റെ ഹൃദയമിടിപ്പാണ്. അതുകൊണ്ടാണ് രാജസ്ഥാനും ഛത്തീസ്ഗഡും പൂര്‍ണ്ണമായും മധ്യപ്രദേശ് ഭാഗികമായും ബിജെപിയെ കൈവിട്ടത്. നെഹ്‌റുവിന്റെയും ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും പാരമ്പര്യവും ഇന്ദിരയുടെയും രാജീവിന്റെയും രക്തസാക്ഷിത്വവും ഇന്ത്യന്‍ ജനത മറന്നിട്ടില്ല. അതുകൊണ്ടുതന്നെയാണ് നിരന്തരമായി രാഹുലിനെ അധിക്ഷേപിച്ചുകൊണ്ടുള്ള മോദിയുടെ പരിഹാസങ്ങള്‍ക്ക് ജനങ്ങള്‍ തിരിച്ചടി നല്‍കിയത്.
അഞ്ച് സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് വിധികള്‍ പരിശോധിച്ചാല്‍ ഒരുകാര്യം വളരെ വ്യക്തമാണ്. ഭരണവിരുദ്ധ വികാരം തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാതെ പോയത് ചന്ദ്രശേഖര റാവുവിന്റെ തെലുങ്കാനയില്‍ മാത്രമാണ്. മറ്റെല്ലായിടത്തും ഭരിച്ചിരുന്ന പാര്‍ട്ടികളെ തള്ളിക്കളഞ്ഞുകൊണ്ടാണ് പ്രതിപക്ഷം വിജയിച്ചിരിക്കുന്നത്. മിസോറാമില്‍ എംഎന്‍എഫും രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസും തിരിച്ചുവന്നത് ഇതിന് തെളിവാണ്. തുടര്‍ ഭരണം നടത്തിയിരുന്ന രാജസ്ഥാനും ഛത്തീസ്ഗഡും മധ്യപ്രദേശും ബിജെപിക്ക് നഷ്ടപ്പെട്ടത് ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചപ്പോഴാണ്. കേന്ദ്ര ഭരണമായാലും സംസ്ഥാന ഭരണമായാലും ജന താല്‍പര്യങ്ങളെയും മഹാഭൂരിപക്ഷം വരുന്ന കര്‍ഷക താല്‍പര്യങ്ങളെയും തള്ളിക്കളഞ്ഞാല്‍ തിരിച്ചടി ഉറപ്പാണ്. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ തന്നെയാണ് അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം.
2014ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മാധ്യമങ്ങളെ വിലയ്‌ക്കെടുത്തും വന്‍തോതില്‍ മീഡിയാ മാനിപുലേഷന്‍ നടത്തി പണം വാരിക്കോരി ചെലവിട്ടും ബിജെപി നടത്തിയ തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് തന്ത്രങ്ങളാണ് ചായക്കടക്കാരനായ മോദിയെ ദേശീയ നേതാവ് എന്ന പ്രതിഛായയില്‍ എത്തിച്ചത്. ഇതിനെ നേരിടാന്‍ സോണിയക്കും രാഹുലിനും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കഴിയാതെ പോയി. യുപിഎ സര്‍ക്കാരിന്റെ പത്തുകൊല്ലത്തെ ഭരണത്തില്‍ മന്‍മോഹന്‍സിംഗ് നല്ല കാര്യങ്ങള്‍ ചെയ്‌തെങ്കിലും അഴിമതിയാരോപണങ്ങളുടെ മലവെള്ളപ്പാച്ചിലില്‍ അതെല്ലാം അപ്രസക്തമായി. ഭരണവിരുദ്ധ വികാരവും അഴിമതിയാരോപണങ്ങളും ബിജെപിക്ക് വിജയത്തിലേക്കുള്ള വഴിയൊരുക്കുകയും ചെയ്തു. എന്നാല്‍ നാലരക്കൊല്ലം കൊണ്ട് മോദി ഉയര്‍ത്തിയ വികസനവും അഴിമതിവിരുദ്ധ പ്രതിഛായയും ഇല്ലാതായിരിക്കുകയാണ്. അതുകൊണ്ടാണ് അഞ്ച് സംസ്ഥാനങ്ങളില്‍ മൂന്ന് സ്ഥലത്ത് ബിജെപിക്ക് വന്‍ തിരിച്ചടി നേരിട്ടിരിക്കുന്നത്. അവശേഷിക്കുന്ന ആറുമാസത്തിനിടയില്‍ അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ മോദിക്ക് ഈ ആഘാതത്തില്‍ നിന്ന് തിരിച്ചുവരാന്‍ കഴിയൂ.
രാഹുലിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസും ഇടതുപക്ഷം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നിരയുമാകട്ടെ ഇപ്പോഴത്തെ വിജയത്തിന്റെ ആവേശത്തില്‍ ഐക്യത്തോടെ മുന്നേറാനാണ് സാധ്യത. കോണ്‍ഗ്രസിന് അയിത്തം കല്‍പിച്ച് അകറ്റിനിര്‍ത്താനുള്ള ഇടതുപക്ഷത്തിന്റെ നിലപാടുകള്‍ ഇതോടെ അവസാനിക്കും. കോണ്‍ഗ്രസുമായി ഐക്യപ്പെടുക എന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ യെച്ചൂരി ഉയര്‍ത്തിയ ന്യൂനപക്ഷ ലൈന്‍ ഭൂരിപക്ഷം ഇനി അംഗീകരിക്കും. അതാണ് ശരിയെന്ന് ജനങ്ങള്‍ ഇടതുപക്ഷത്തെ ബോധ്യപ്പെടുത്തിയിരിക്കുകയാണ്.
മാധ്യമ സ്വാതന്ത്ര്യത്തെയും ജനാധിപത്യ മൂല്യങ്ങളെയും കാറ്റില്‍ പറത്തിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിവന്ന തേര്‍വാഴ്ചക്ക് ജനങ്ങള്‍ കടിഞ്ഞാണിട്ടിരിക്കുകയാണ്. ചോദ്യം ചോദിക്കാനും തിരുത്താനും ജനങ്ങള്‍ക്കുള്ള അവകാശം ഭരണാധികാരി അംഗീകരിച്ചില്ലെങ്കില്‍ ഇതായിരിക്കും ജനവിധി. ഭരണഘടനാ സ്ഥാപനങ്ങളായ പാര്‍ലമെന്റിനെ പോലും നോക്കുകുത്തിയാക്കിയ നാലര വര്‍ഷമാണ് കടന്നുപോയത്. ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ആരെയും ആകര്‍ഷിക്കുന്നത് ബഹുസ്വരതയാണ്. ജാതി – മത – ഭാഷാ വ്യത്യാസങ്ങള്‍ക്ക് അതീതമായ വൈവിധ്യമാണ് ഇന്ത്യയുടെ മുഖമുദ്ര. രാജ്യത്തിന്റെ അടിസ്ഥാനശിലയായ മതേതരത്വത്തെ പോലും വെല്ലുവിളിച്ചുകൊണ്ടായിരുന്നു മോദിയുടെ ജൈത്രയാത്ര.
തൊഴിലില്ലായ്മയും വിലക്കയറ്റവും കര്‍ഷക ആത്മഹത്യകളും രാജ്യത്തിന്റെ നട്ടെല്ലൊടിച്ചു. കൂനിന്‍മേല്‍ കുരു പോലെ മോദിയുടെ മണ്ടന്‍ പരിഷ്‌കാരങ്ങള്‍ പതനത്തിന് ആക്കം കൂട്ടി. പശു സംരക്ഷണത്തിന്റെ പേരിലുള്ള ആള്‍ക്കൂട്ട കൊലകള്‍ നിത്യ സംഭവമായി മാറി. ദളിതരുടെയും ആദിവാസികളുടെയും നിലനില്‍പ് പോലും ചോദ്യം ചെയ്യപ്പെട്ടു. പട്ടികജാതിക്കാര്‍ക്ക് സംരക്ഷണം നല്‍കുന്ന നിയമത്തില്‍ പോലും വെള്ളം ചേര്‍ത്തു. ന്യൂനപക്ഷങ്ങള്‍ രാജ്യം വിട്ടുപോകണമെന്ന് കേന്ദ്ര മന്ത്രിമാര്‍ പോലും പരസ്യമായി പറഞ്ഞുതുടങ്ങി. ചരിത്രത്തെ പോലും വളച്ചൊടിച്ച് ചരിത്ര പുരുഷന്‍മാരെ വിസ്മരിക്കുകയും താജ്മഹലും റെഡ് ഫോര്‍ട്ടും അടക്കമുള്ള ചരിത്ര സ്മാരകങ്ങള്‍ വില്‍പനക്ക് വെച്ചു. ലക്ഷക്കണക്കിന് മനുഷ്യര്‍ പട്ടിണി കൊണ്ട് മരിക്കുമ്പോള്‍ 3000 കോടി മുടക്കി പട്ടേല്‍ പ്രതിമ നിര്‍മ്മിച്ചു. അതിനെക്കാള്‍ വലിയ തുക മുടക്കിക്കൊണ്ട് രാമന്റെ പ്രതിമക്കായി യുപിയില്‍ കോപ്പുകൂട്ടല്‍ തുടങ്ങി. ചരിത്ര സ്മാരകങ്ങളെയും ചരിത്ര പുരുഷന്‍മാരെയും മാത്രമല്ല, ചരിത്രത്തെ തന്നെ മായ്ച്ചുകളയാന്‍ ശ്രമങ്ങള്‍ നടത്തി. മഹാത്മജി മുതല്‍ രാജീവ് ഗാന്ധി വരെയുള്ള രക്തസാക്ഷികളെ ഒളിഞ്ഞും തെളിഞ്ഞും കടന്നാക്രമിച്ചു. ഭഗത് സിംഗിനെ പോലും അപമാനിച്ചു. പട്ടേല്‍ ഒഴികെ ചരിത്ര പുരുഷന്‍മാരെയെല്ലാം നിരന്തരമായി അപമാനിക്കുന്നത് മോദിക്കും കൂട്ടര്‍ക്കും തമാശയായി മാറി. ഇതിന്റെയെല്ലാം തിക്ത ഫലമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന തിരിച്ചടി.
വിജയത്തില്‍ അഹങ്കരിക്കാതെ ജനങ്ങളാണ് പരമാധികാരികള്‍, എളിമയാണ് വിജയത്തിന് കാരണം എന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ഏറെ പ്രസക്തമാണ്. ജീവിതത്തില്‍ വിജയവും പരാജയവും സ്വാഭാവികമാണ് എന്ന് പറഞ്ഞ മോദിയുടെ വാക്കുകളില്‍ ആത്മാര്‍ത്ഥതയുടെ കണികയെങ്കിലും ഉണ്ടെങ്കില്‍ ഇതുവരെ തുടര്‍ന്നുവന്ന നയങ്ങള്‍ അദ്ദേഹം തിരുത്തണം. മാധ്യമങ്ങളോട് സംസാരിക്കാനും ജനങ്ങളെ ഭയപ്പെടാതിരിക്കാനും പ്രധാനമന്ത്രി തയ്യാറാകണം.
രാജ്യത്തിന്റെ നട്ടെല്ലൊടിച്ച നോട്ടുനിരോധനം തെറ്റായിപ്പോയി എന്ന് തുറന്നു സമ്മതിക്കണം. തറക്കല്ല് പോലും ഇടാത്ത ജിയോ സര്‍വ്വകലാശാലക്ക് ശ്രേഷ്ഠ പദവി നല്‍കിയ മണ്ടന്‍ തീരുമാനം പിന്‍വലിക്കണം. ജെഎന്‍യു ഉള്‍പ്പെടെയുള്ള നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള സര്‍വ്വകലാശാലകളെയും ഐഐടികളെയും ഇല്ലാതാക്കാനുള്ള നീക്കം അവസാനിപ്പിക്കണം. ചായക്കടക്കാരന്‍ എന്നത് ഒരു അയോഗ്യത അല്ലെങ്കിലും അതാണ് യോഗ്യത എന്ന മട്ടില്‍ സുപ്രീം കോടതിയെ പോലും വെല്ലുവിളിക്കരുത്. റിസര്‍വ് ബാങ്ക് ഗവര്‍ണറെയും സിബിഐ ഡയറക്ടറെയും ചെസ് ബോര്‍ഡിലെ കരുക്കള്‍ നീക്കുന്നതുപോലെ തോന്നിയ പാട് കളിക്കരുത്. ഈ കളി നിര്‍ത്തിയില്ലെങ്കില്‍ വരാനിരിക്കുന്ന ദിനങ്ങള്‍ മോദി യുഗത്തിന്റെ അവസാന ദിനങ്ങളായി മാറും. കവി കടമ്മനിട്ട എഴുതിയതുപോലെ എല്ലാ ചരിത്ര സ്മാരകങ്ങളും പുരാവസ്തുവാകും, രാജാക്കന്‍മാര്‍ ഒളിച്ചോടും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in ദേശീയം

Trending News

To Top