Connect with us

അടിയന്തിരാവസ്ഥയെ നാണിപ്പിക്കുന്ന മാധ്യമ വിലക്ക്

കേരളം

അടിയന്തിരാവസ്ഥയെ നാണിപ്പിക്കുന്ന മാധ്യമ വിലക്ക്

ഇരിക്കാന്‍ പറയുമ്പോള്‍ മുട്ടിലിഴയുന്ന മാധ്യമ പ്രവര്‍ത്തകരുടെ ദൗര്‍ബല്യമാണ് സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്ന മാധ്യമ വിലക്കിന് കാരണം. മുഖ്യമന്ത്രിയോടും മന്ത്രിമാരോടും വിശിഷ്ട വ്യക്തികളോടും ഇനി മാധ്യമങ്ങള്‍ക്ക് സംസാരിക്കണമെങ്കില്‍ പിആര്‍ഡിയുടെ മുന്‍കൂര്‍ അനുമതി വേണമെന്നാണ് ആഭ്യന്തര വകുപ്പ് സെക്രട്ടറി പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവ്.
പത്രങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയ അടിയന്തിരാവസ്ഥ കാലത്തുപോലും ഇത്തരം ഒരു നിയന്ത്രണം ഉണ്ടായിട്ടില്ല. അടിയന്തിരാവസ്ഥയുടെ കൊടിയ പീഡനം ഏറ്റുവാങ്ങിയ മുഖ്യമന്ത്രി പിണറായി ഭരിക്കുന്ന കേരളത്തില്‍ ഇത്തരം ഒരു ഉത്തരവ് ഇറക്കാന്‍ ആഭ്യന്തര വകുപ്പിലെ അഡീഷണല്‍ സെക്രട്ടറി വിശ്വാസ് മേത്തക്ക് എങ്ങനെ ധൈര്യം വന്നു? മന്ത്രിമാരില്‍ പലരും ഇടതുപക്ഷ എംഎല്‍എമാരില്‍ ഭൂരിപക്ഷവും അടിയന്തിരാവസ്ഥയുടെ പീഡനങ്ങള്‍ ഏറ്റുവാങ്ങിയവരാണ്. ഒരുപക്ഷേ ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നില്ലെങ്കില്‍ ഇവരാരും മന്ത്രിമാരോ എംഎല്‍എമാരോ ആകുമായിരുന്നില്ല. എന്തുകൊണ്ടാണ് അധികാരത്തിലെത്തുമ്പോള്‍ ഇവരെല്ലാം വന്ന വഴികള്‍, അനുഭവിച്ച പീഡനങ്ങള്‍ വിസ്മരിക്കുന്നത്?
ഇനി മാധ്യമ പ്രവര്‍ത്തകര്‍ക്ക് സെക്രട്ടറിയേറ്റിലെത്തി മന്ത്രിമാരെ കാണണമെങ്കില്‍ പിആര്‍ഡിയുടെ മുന്‍കൂര്‍ അനുമതി വേണം. വിമാനത്താവളത്തിലോ പൊതുസ്ഥലങ്ങളിലോ വെച്ച് മന്ത്രിമാരോടും വിശിഷ്ട വ്യക്തികളോടും സംസാരിക്കാന്‍ പാടില്ല. അതിനും വേണം മുന്‍കൂര്‍ അനുമതി. വകുപ്പ് മേധാവികളായ ഉദ്യോഗസ്ഥരും ഐഎഎസുകാരായ കളക്ടര്‍മാരും മാധ്യമങ്ങളോട് സംസാരിക്കണമെങ്കിലും പിആര്‍ഡിയുടെ മുന്‍കൂര്‍ അനുമതി വേണം. ഏകാധിപതികളായ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പോലും മാധ്യമങ്ങള്‍ക്ക് ഇത്തരം ഒരു വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. ഒരുഘട്ടത്തില്‍ ഈ രണ്ട് ഏകാധിപതികളും മാധ്യമ വിലക്ക് ആലോചിച്ചെങ്കിലും എതിര്‍പ്പുകളെ തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു.
സംസ്‌കാരത്തിന്റെ, സാക്ഷരതയുടെ, രാഷ്ട്രീയ പ്രബുദ്ധതയുടെ മുന്നില്‍ എന്ന് അവകാശപ്പെടുന്ന കേരളത്തിലാണ് ഈ പ്രാകൃതമായ മാധ്യമ വിലക്ക് പുറപ്പെടുവിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് ഇതേക്കുറിച്ച് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും മുഖ്യമന്ത്രി പ്രതികരിക്കാത്തത്? മാധ്യമ പ്രവര്‍ത്തകരുടെ സൗകര്യത്തിനു വേണ്ടിയാണ് പുതിയ ഉത്തരവ് എന്നാണ് മന്ത്രി ഇ.പി ജയരാജന്‍ പറയുന്നത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ സഞ്ചാര സ്വാതന്ത്ര്യത്തെ പോലും തടഞ്ഞ പാരമ്പര്യമാണ് ഇടതുപക്ഷത്തിനുള്ളത്. ആ ഇടതുപക്ഷം ഭരിക്കുമ്പോഴാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കു പോലും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാനും ചോദ്യം ചോദിക്കാനുമുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഉപദേഷ്ടാക്കളായ കവി പ്രഭാവര്‍മ്മയും ജോണ്‍ ബ്രിട്ടാസും അടക്കമുള്ള മുന്‍ മാധ്യമ പ്രവര്‍ത്തകര്‍ ഇതൊന്നും അറിയുന്നില്ലേ? ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന ഇവരല്ലേ ഇത്തരം കാര്യങ്ങളില്‍ മുഖ്യമന്ത്രിക്ക് തെറ്റുപറ്റിയാല്‍ തിരുത്തേണ്ടത്? മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തര വകുപ്പിലെ ഐഎഎസുകാരനായ ഉദ്യോഗസ്ഥന്‍ ഇവരാരും അറിയാതെയാണോ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ തീരുമാനിച്ചത്? പത്രപ്രവര്‍ത്തകരുടെ മൊത്തക്കച്ചവടക്കാരായ കേരളാ പത്രപ്രവര്‍ത്തക യൂണിയന് ഈ ഉത്തരവിനെക്കുറിച്ച് എന്താണ് പറയാനുള്ളത്? പത്ര മുതലാളിമാരുടെ സംഘടനക്കും ഇക്കാര്യത്തില്‍ ഒന്നും പറയാനില്ലേ?
മന്ത്രിമാര്‍ക്കും ഭരിക്കുന്നവര്‍ക്കും ആരെയാണ് പേടി? മാധ്യമങ്ങളെ ഭയപ്പെടുന്നു എന്നുപറഞ്ഞാല്‍ അതിനര്‍ത്ഥം ജനങ്ങളെ ഭയക്കുന്നു എന്നാണ്. വാര്‍ത്തകള്‍ പത്രപ്രവര്‍ത്തകര്‍ പടച്ചുണ്ടാക്കുന്നതല്ല. സംഭവങ്ങളും വസ്തുതകളും റിപ്പോര്‍ട്ട് ചെയ്യുക മാത്രമാണ് അവര്‍ ചെയ്യുന്നത്. അതാകട്ടെ ജനപക്ഷത്ത് നിന്നുകൊണ്ട് ജനങ്ങള്‍ക്കു വേണ്ടിയാണ്. അപ്പോള്‍ ഭരിക്കുന്നവര്‍ ഭയപ്പെടുന്നത് ജനങ്ങളെയാണ്. ജനങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാനും അവരുടെ അറിയാനുള്ള അവകാശം നിഷേധിക്കാനുമാണ് ശ്രമിക്കുന്നത്.
ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഇറക്കിയ ഉത്തരവ് അദ്ദേഹത്തിന്റെ മാത്രം ഭാവനാവിലാസമോ, വിവരക്കേടോ ആണെങ്കില്‍ അത് തിരുത്താനുള്ള ആര്‍ജ്ജവമാണ് കേരളത്തിന്റെ മുഖ്യമന്ത്രി കാണിക്കേണ്ടത്. ഇഎംഎസ് മുതല്‍ അച്യുതമേനോനും നായനാരും കെ കരുണാകരനും എകെ ആന്റണിയും വിഎസും അടക്കമുള്ള പ്രഗത്ഭരായ മുഖ്യമന്ത്രിമാര്‍ കേരളം ഭരിച്ചിട്ടുണ്ട്. പത്രാധിപര്‍ കൂടിയായിരുന്ന സി.കേശവന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ മകനായിരുന്ന കൗമുദി പത്രാധിപര്‍ കെ.ബാലകൃഷ്ണന്‍ അച്ഛനായ മുഖ്യമന്ത്രിയെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് എഡിറ്റോറിയല്‍ എഴുതിയിട്ടുണ്ട്. അതാണ് കേരളത്തിന്റെ പാരമ്പര്യം. അത്തരം ഒരു നാട്ടില്‍ പത്ര മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാന്‍ ആര് ശ്രമിച്ചാലും അത് പ്രബുദ്ധരായ ജനങ്ങള്‍ തള്ളിക്കളയുക തന്നെ ചെയ്യും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

To Top