മുങ്ങിച്ചാവാന്‍ പോകുന്നവന് കച്ചിത്തുരുമ്പില്‍ പിടിക്കുന്നതുപോലെയാണ് മോദി സര്‍ക്കാര്‍ റഫാലിനെ നേരിടാനായി അഗസ്റ്റ വെസ്റ്റ്ലാന്റ് കേസില്‍ പിടിക്കുന്നത്.
2014ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും തൊട്ടുപിന്നാലെ നടന്ന അസംബ്ലി തിരഞ്ഞെടുപ്പിലും ഇതേ ആരോപണം ബിജെപി സോണിയ ഗാന്ധിക്കെതിരെ ഉന്നയിച്ച് ചീറ്റിപ്പോയതാണ്. ഇപ്പോഴാകട്ടെ, ഒറ്റ രാത്രി കൊണ്ട് യുഎഇയില്‍ നിന്ന് ഇടനിലക്കാരന് ക്രിസ്റ്റ്യന്‍ മിഷേലിനെ പിടികൂടി ഇന്ത്യയിലെത്തിച്ചതോടെ എന്തും സംഭവിക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിച്ചത്. ‘രഹസ്യങ്ങള്‍ വെളിപ്പെടുത്താന്‍ പോകുന്നു. വംശ വാഴ്ചക്കാരുടെ കുടുംബം വിറയ്ക്കുകയാണ്. ആയിരക്കണക്കിന് കോടികളുടെ കാര്യമാണ്. ഏതൊക്കെ പേരുകള്‍ പറയുമെന്ന് ഒരു നിശ്ചയവുമില്ല. അവര്‍ വിറളി പിടിച്ചിരിക്കുകയാണ്’. ഇത്തരത്തില്‍ ഒരു മൂന്നാംകിട രാഷ്ട്രീയക്കാരനെ പോലെയാണ് പ്രധാനമന്ത്രി മോദി രാജസ്ഥാനിലെയും തെലുങ്കാനയിലെയും തിരഞ്ഞെടുപ്പ് പ്രചരണം അവസാനിക്കുന്ന ദിവസം പ്രസംഗിച്ചത്.
അഗസ്റ്റ കമ്പനിയെ സഹായിക്കാന്‍ നിബന്ധനകളില്‍ മാറ്റം വരുത്തി 362 കോടിയുടെ കോഴ വാങ്ങിയെന്നതാണ് മിഷേലിനെതിരെയുള്ള ആരോപണം. ആ കോഴപ്പണം ഇന്ത്യയില്‍ ആര്‍ക്ക് കൈമാറി എന്ന് കണ്ടെത്താനാണ് സിബിഐ കഴിഞ്ഞ രാത്രി മുഴുവന്‍ മിഷേലിനെ ചോദ്യം ചെയ്തത്. പട്യാല കോടതിയുടെ ഉത്തരവ് അനുസരിച്ച് അഭിഭാഷകന്റെ സാന്നിധ്യത്തില്‍ മാത്രമേ ബ്രിട്ടീഷ് പൗരനെ ചോദ്യം ചെയ്യാന്‍ കഴിയൂ. ഇല്ലായിരുന്നെങ്കില്‍ സിബിഐ ചിലപ്പോള്‍ മിഷേലിനെക്കൊണ്ട് അവര്‍ ഉദ്ദേശിക്കുന്നവരുടെ പേരുകള്‍ പറയിക്കുമായിരുന്നു. ഒരു ദിവസം പിന്നിട്ടിട്ടും സിബിഐയുടെ ശ്രമങ്ങള്‍ ഒരു ഫലവും കണ്ടിട്ടില്ല. കമ്മീഷനായി മാത്രമാണ് പണം കൈപ്പറ്റിയതെന്നാണ് മിഷേലിന്റെ ആവര്‍ത്തിച്ചുള്ള നിലപാട്.
കോടികളുടെ റഫാല്‍ യുദ്ധവിമാന ഇടപാടുകള്‍ സുപ്രീം കോടതി പരിശോധിച്ചുവരികയാണ്. നിര്‍ണ്ണായകമായ പരിശോധനാ ഫലം വൈകാതെ പുറത്തുവരും. ഇതിനിടയിലായിരുന്നു അര്‍ദ്ധരാത്രിയില്‍ സിബിഐ ഓഫീസ് റെയ്ഡ് ചെയ്ത് ഡയറക്ടര്‍ അലോക് വര്‍മ്മയെ കേന്ദ്ര സര്‍ക്കാര്‍ മാറ്റിയത്. പകരക്കാരനായി സിബിഐയുടെ തലപ്പത്ത് നാഗേശ്വര റാവുവിനെ പ്രതിഷ്ഠിക്കുകയും ചെയ്തു. തിടുക്കപ്പെട്ട് എന്തിനായിരുന്നു അര്‍ദ്ധരാത്രിയില്‍ ഡയറക്ടര്‍ അലോക് വര്‍മ്മയെ മാറ്റിയത് എന്ന ചോദ്യത്തിന് അദ്ദേഹത്തെ മാറ്റിയിട്ടില്ലെന്നും ലീവില്‍ പോകാന്‍ പറയുക മാത്രമാണ് ചെയ്തതെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ ന്യായം.
അലോക് വര്‍മ്മക്കെതിരെ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താന ഉന്നയിച്ച ആരോപണങ്ങളുടെ പേരിലായിരുന്നു രാത്രി റെയ്ഡും രായ്ക്കുരാമാനമുള്ള പുതിയ ഡയറക്ടറുടെ നിയമനവും. ഇപ്പോള്‍ ഇതേ നാഗേശ്വര റാവുവാണോ പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലാണോ അഗസ്റ്റ ഇടപാടിലെ ഇടനിലക്കാരനായ മിഷേലിനെ ഇന്ത്യയിലെത്തിച്ചത് എന്നതാണ് ഇപ്പോഴത്തെ വിഷയം. അജിത് ദോവലിന്റെ നീക്കങ്ങളാണ് ഇതിന് സഹായിച്ചതെന്ന് സിബിഐ ഡയറക്ടര്‍ നാഗേശ്വര റാവു പറയുന്നു. എന്നാല്‍ യുഎഇ സന്ദര്‍ശന സമയത്ത് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് നടത്തിയ ഇടപെടലാണ് മിഷേലിനെ കൈമാറാന്‍ ഇടയാക്കിയതെന്നും ഒരുകൂട്ടര്‍ പറയുന്നു.
എന്തായാലും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് റഫാല്‍ ഇടപാടും സിബിഐ ഡയറക്ടറുടെ മാറ്റവും സംബന്ധിച്ച കേസുകള്‍ കേട്ടുവരികയാണ്. ഈ രണ്ട് കേസുകളുടെയും വിധി പുറത്തുവരുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ നില കൂടുതല്‍ അപകടത്തിലാവും. അഞ്ച് സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പിന് മുന്‍പ് റഫാല്‍ ഇടപാടിനെക്കുറിച്ചുള്ള ആരോപണങ്ങളില്‍ നിന്ന് തടിയൂരാനായി അഗസ്റ്റ് വെസ്റ്റ്ലാന്റ് ഹെലികോപ്ടര്‍ ഇടപാട് തിരഞ്ഞെടുപ്പ് രംഗത്ത് എത്തിക്കാനാണ് മോദിയും കൂട്ടരും തിരക്ക് കൂട്ടിയത്. വളരെ വൈകി രണ്ട് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചരണം അവസാനിക്കുന്ന ദിവസമാണ് കേന്ദ്ര സര്‍ക്കാരിനെ ഇടനിലക്കാരനായ മിഷേലിനെ എത്തിച്ച് കോണ്‍ഗ്രസിനെ അടിക്കാന്‍ കഴിഞ്ഞത്.
അഗസ്റ്റ വെസ്റ്റ്ലാന്റ് ഹെലികോപ്ടര്‍ ഇടപാട് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പാര്‍ലമെന്റില്‍ എത്തിയപ്പോള്‍ രാജ്യസഭയില്‍ ജെയ്റ്റ്ലിയും ലോക്സഭയില്‍ സുഷമ സ്വരാജും പ്രതിപക്ഷ നേതാക്കളായിരുന്നു. പ്രതിരോധ മന്ത്രിയായിരുന്ന എകെ ആന്റണിയെ ഇരുത്തിക്കൊണ്ട് ജെയ്റ്റ്ലിയും സുഷമയും പറഞ്ഞത് ഒരുതരം അഴിമതിയും എകെ ആന്റണി നടത്തില്ലെന്നാണ്. തുടര്‍ന്നാണ് യുപിഎ സര്‍ക്കാര്‍ ഈ ഇടപാടിനെക്കുറിച്ച് സിബിഐ അന്വേഷിക്കട്ടെ എന്ന നിലപാട് എടുത്തത്. 2014ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ യുപിഎ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയത് 2ജി സ്പെക്ട്രവും കല്‍ക്കരി കുംഭകോണവുമായിരുന്നു. 2019ലെ തിരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാരിനെ വേട്ടയാടാന്‍ പോകുന്നത് കോടികളുടെ റഫാല്‍ യുദ്ധവിമാന ഇടപാടും സിബിഐ ഡയറക്ടറെ മാറ്റിക്കൊണ്ടുള്ള അര്‍ദ്ധരാത്രിയിലെ നീക്കങ്ങളുമാണ്. ഈ അഴിമതികളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ വര്‍ഗ്ഗീയ കലാപത്തിലൂടെ തിരിച്ചുവിടാനുള്ള ശ്രമമാണ് യുപിയില്‍ ഉണ്ടായ ഗോവധ കലാപവും പോലീസ് വെടിവെപ്പും.